| Friday, 16th January 2026, 8:22 am

തൊണ്ണൂറുകളിലെ റോജ നല്ലതായിരുന്നുവെന്ന് ആളുകള്‍ വന്ന് പറയും, അത് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഞാനൊരു വിഡ്ഢിയാണെന്ന് തോന്നും: എ.ആര്‍ റഹ്‌മാന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയില്‍ പകരക്കാരില്ലാത്ത ഇതിഹാസമാണ് എ.ആര്‍ റഹ്‌മാന്‍. തമിഴില്‍ തന്റെ കരിയര്‍ ആരംഭിച്ച് ഹോളിവുഡോ ബോളിവുഡോ എന്ന വ്യത്യാസമില്ലാതെ സംഗീതം കൊണ്ട് മായാജാലം കാണിച്ച എ.ആര്‍ റഹ്‌മാന്‍ ബോളിവുഡ് ചിത്രമായ സ്ലം ഡോഗ് മില്ല്യണറിലൂടെ ഓസ്‌കാറും കരസ്ഥമാക്കിയിരുന്നു.

എ.ആര്‍ റഹ്‌മാന്‍. Photo: Deccan Herald

ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച മണിരത്‌നം ചിത്രമായ റോജയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ റഹ്‌മാന്‍ എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ഗാനങ്ങളാണ് സംഗീതാസ്വാദകര്‍ക്ക് നല്‍കിയിട്ടുള്ളത്. ചയ്യ ചയ്യ, ദില്‍ സേ രെ, തു ഹി രെ, കന്നത്തില്‍ മുത്തമിട്ടാല്‍, ജയ് ഹോ, ചിന്ന ചിന്ന ആസൈ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ഹിറ്റ് ഗാനങ്ങളാണ് റഹ്‌മാന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

എന്നാല്‍ തൊണ്ണൂറുകളിലെയും രണ്ടായിരമാണ്ടിന്റെ തുടക്കകാലത്തുമുള്ളത് പോലെ തന്റെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഗായകന് സാധിച്ചിരുന്നില്ല. മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വനിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകളും സംഗീതവും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ആസ്വാദകനെ പൂര്‍ണമായി തൃപ്തിപെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ‘ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഹിന്ദി’ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സംഗീതജീവിതത്തിന്റെ ആദ്യകാലത്ത് പിറന്ന പാട്ടുകളെക്കുറിച്ചും സമീപകാലത്ത് താന്‍ ചെയ്ത വര്‍ക്കുകളെക്കുറിച്ചും പ്രേക്ഷകര്‍ക്കുള്ള അഭിപ്രായത്തെക്കുറിച്ച് റഹ്‌മാന്‍ സംസാരിച്ചിരുന്നു.

ഹാന്‍സ് സിമ്മറിനൊപ്പം എ.ആര്‍ റഹ്‌മാന്‍. Photo: India TV News

‘പരിപാടികള്‍ക്കെല്ലാം പോകുമ്പോള്‍ ആളുകള്‍ എന്റടുത്ത് വന്ന് പറയും 90 കളില്‍ ഞാന്‍ ചെയ്ത റോജ പോലുള്ള ഗാനങ്ങള്‍ നല്ലതായിരുന്നുവെന്ന്. അപ്പോഴെനിക്ക് എന്നെയൊരു വിഡ്ഢിയെപ്പോലെയാണ് തോന്നുക, കാരണം ഇപ്പോള്‍ ഞാന്‍ നല്ല മ്യൂസിക്കുകള്‍ ചെയ്യാറില്ലെന്നല്ലേ അതിന്റെയര്‍ത്ഥം. നമ്മള്‍ നമ്മുടെ ബെസ്റ്റ് മോഡിലല്ല എന്ന് അറിയുന്നത് നമ്മളെ ഒരുപാട് വേദനിപ്പിക്കും.

അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ ബോധപൂര്‍വ്വം വളരെ കുറച്ച് വര്‍ക്കുകള്‍ മാത്രമാണ് ചെയ്യാറുള്ളത്. രാമായണത്തിനായും മറ്റൊരു മണിരത്‌നം സിനിമക്കായും കൂടാതെ എന്റെ സ്വന്തം ബാന്റിന്റെയും പണിപ്പുരയിലാണ് ഞാന്‍. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ 20-30 സിനിമകളാണ് ചെയ്തിട്ടുള്ളത്. ഇനി ഇത് ആവര്‍ത്തിക്കില്ല, ഞാന്‍ എനിക്ക് വേണ്ടി കുറച്ച് സമയമെടുക്കുകയാണ്,’ എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു.

ഇന്റര്‍സ്റ്റെല്ലാര്‍, ദി ലയണ്‍ കിങ്ങ്, ഗ്ലാഡിയേറ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി സംഗീതസംവിധാനം നിര്‍വഹിച്ച ലോകപ്രശസ്ത സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മറുമായി ചേര്‍ന്ന് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം രാമായണയാണ് റഹ്‌മാന്റെ പുതിയ പ്രൊജക്ട്.

Content Highlight: AR Rahman talks about cutting down his work and concentrate more on making good music

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more