| Friday, 21st November 2025, 1:29 pm

ഭക്ഷണം കഴിക്കുമ്പോള്‍ ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യമായി വരും; ഞാനും ഒരു മനുഷ്യനാണെന്ന് അവര്‍ മനസിലാക്കില്ല: എ.ആര്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വയം മനസിനെ പാകപ്പെടുത്തിയാണ് താന്‍ എപ്പോഴും പൊതുവിടങ്ങളിലേക്ക് പോകാറുള്ളുവെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. പ്രൈവസി ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും അതുകൊണ്ട് താന്‍ അധികം പൊതുചടങ്ങുകളില്‍ പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു.

നിഖില്‍ കാമത്തുമായുള്ള പോഡ്കാസ്റ്റിലാണ് റഹ്‌മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ അപൂര്‍വമായാണ് താന്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാറുള്ളുവെന്നും അങ്ങനെ ഇറങ്ങുകയാണെങ്കില്‍ തന്നെ ഫോട്ടോ ചോദിച്ചുവരുന്ന ആരാധകരെ നേരിടാന്‍ തയ്യാറായാണ് താന്‍ പോകാറുള്ളതെന്നും എ.ആര്‍. റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

‘ 16 മണിക്കൂറൊക്കെയുള്ള നീണ്ട വിമാന യാത്രയില്‍ ചിലപ്പോള്‍ തളര്‍ന്നിരിക്കുകയായിരിക്കും. പക്ഷേ അപ്പോഴും അവര്‍ ഫോട്ടോ ചോദിക്കും. ചെന്നൈയില്‍ വിവാഹത്തിനും മറ്റുമൊക്കെ പോകുമ്പോള്‍ ഭക്ഷണം പോലും കഴിക്കാന്‍ ആകാത്ത വിധം ആളുകള്‍ സെല്‍ഫി ചോദിച്ച് വരാറുണ്ട്. ഞാന്‍ കഴിച്ച് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍, ഞങ്ങള്‍ പോകാന്‍ നില്‍ക്കുകയാണ് ഇപ്പോള്‍ പോവണം എന്നൊക്കെ പറയും.

തങ്ങള്‍ ഭക്ഷണം കഴിക്കുകയാണെന്ന് അവര്‍ മനസിലാക്കില്ല. ഞാനും ഒരു മനുഷ്യനാണെന്ന് മനസിലാക്കില്ല. അവരുടെ ജീവിതത്തില്‍ നമ്മള്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ അപ്പോള്‍ മനസിലാക്കും. തങ്ങളുടെ പെര്‍സ്‌പെക്ടീവില്‍ മാത്രമെ അവര്‍ ചിന്തിക്കുകയുള്ളു. തങ്ങള്‍ക്കും ഒരു ജീവിതമുണ്ടെന്ന് അവര്‍ ചിന്തിക്കില്ല,’ എ. ആര്‍ റഹ്‌മാന്‍ പറയുന്നു.

അതുകൊണ്ട് കല്യാണങ്ങള്‍ക്ക് പോകുമ്പോള്‍ താന്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കാറില്ലെന്നും അവിടെ ചെന്ന് അവരെ ആശംസിച്ച് വരാറാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനുഷും കൃതി സനോനും പ്രധാനവേഷങ്ങളിലെത്തിയ തേരേ ഇഷ്‌ക് മേ നാണ് റഹ്‌മാന്‍ ഭാഗമായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content highlight: Ar rahman says he is a person who likes privacy and therefore does not attend many public events

We use cookies to give you the best possible experience. Learn more