| Wednesday, 20th August 2025, 10:44 pm

അജിത് സാറിന് സിക്‌സ് പാക്കൊക്കെ വെച്ച് പ്ലാന്‍ ചെയ്ത പടമായിരുന്നു ഗജിനി: എ.ആര്‍. മുരുകദോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജിത് കുമാര്‍, വിജയകാന്ത്, സൂര്യ, വിജയ് എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച സംവിധായകനാണ് എ.ആര്‍. മുരുകദോസ്. തന്റേതായ ശൈലിയിലൂടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ നേടിയ മുരുകദോസ് ബോളിവുഡിലും സാന്നിധ്യമറിയിച്ചു. ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു.

മുരുകദോസിന്റെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഗജിനി. സൂര്യയെ നായകനാക്കി 2005ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി. സൂര്യയുടെ കരിയര്‍ മാറ്റിമറിച്ച സിനിമകളിലൊന്നായ ഗജിനിയിലൂടെ ആന്ധ്രയിലും താരത്തിന് ഫാന്‍ ബേസുണ്ടായി. ആമിര്‍ ഖാനെ നായകനാക്കി ഹിന്ദിയില്‍ ഗജിനി റീമേക്ക് ചെയ്യുകയും ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. ഗജിനി ആദ്യം വിചാരിച്ചത് അജിത്തിനെ നായകനാക്കിയാണെന്ന് പറയുകയാണ് എ.ആര്‍. മുരുകദോസ്.

ദീനക്ക് ശേഷം അതിന്റെ സെക്കന്‍ഡ് പാര്‍ട്ട് ആയി ഒരു സിനിമ മനസില്‍ കണ്ടിരുന്നു. രമണ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് മിരട്ടല്‍ എന്ന കഥ എന്റെ മനസില്‍ വന്നത്. അജിത് സാറിനെ നായകനാക്കി ഞാന്‍ പ്ലാന്‍ ചെയ്ത മിരട്ടല്‍ എന്ന സിനിമയാണ് പിന്നീട് ഗജിനിയായി മാറിയത്. ജീ എന്ന സിനിമയുടെ ലൊക്കേഷനില്‍ ചെന്ന് ഞാന്‍ അജിത് സാറിനെ കണ്ട് കഥ പറഞ്ഞു.

കഥ കേട്ട കഴിഞ്ഞതും ‘ഈ സിനിമയിലെ നായികക്ക് എന്തായാലും നല്ല പേര് കിട്ടും’ എന്ന് അജിത് സാര്‍ പറഞ്ഞു. ‘ഈ സിനിമക്ക് വേണ്ടി ഞാന്‍ സിക്‌സ് പാക്ക് ഉണ്ടാക്കാം’ എന്നും അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാല്‍ ആ സമയത്ത് സിക്‌സ് പാക്ക് എന്ന കോണ്‍സെപ്റ്റ് പോലും ആര്‍ക്കും അറിയില്ലായിരുന്നു. അജിത് സാര്‍ പറഞ്ഞിട്ടാണ് സിക്‌സ് പാക്കിനെക്കുറിച്ച് എനിക്ക് മനസിലായത്.

അതിന് ശേഷം ആ സിനിമയുടെ ഷൂട്ട് തുടങ്ങി. എന്നാല്‍ ഒരേ സമയം ഒരുപാട് സിനിമകളുടെ ഷൂട്ട് അജിത് സാറിനുണ്ടായിരുന്നു. അട്ടഹാസം എന്ന സിനിമക്ക് ശേഷം നാന്‍ കടവുള്‍ എന്ന പടത്തിന് വേണ്ടി മുടി നീട്ടിവളര്‍ത്തേണ്ടി വന്നു. ഈ പടത്തിലാണെങ്കില്‍ മൊട്ടയടിച്ച ഗെറ്റപ്പാണ്. രണ്ടും ഒന്നിച്ച് കൊണ്ടുപോകാന്‍ പറ്റാത്തതുകൊണ്ട് ഇത് ഡ്രോപ്പ് ചെയ്തു,’ മുരുകദോസ് പറയുന്നു.

അജിത്തിനെ നായകനാക്കിക്കൊണ്ടുള്ള മിരട്ടലിന്റെ ഷൂട്ട് രണ്ട് ദിവസം മാത്രമേ നടന്നുള്ളൂവെന്ന് മുരുകദോസ് പറഞ്ഞു. എന്നാല്‍ ആ രണ്ട് ദിവസത്തെ ഷൂട്ട് ഗജിനിയുടെ കാര്യത്തില്‍ തനിക്ക് ഒരുപാട് സഹായമായെന്നും സിക്‌സ് പാക്ക് എന്ന ആശയം സൂര്യയോടും ആമിര്‍ ഖാനോടും പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: AR Murugadoss saying Ghajini was initially planned for Ajith Kumar

We use cookies to give you the best possible experience. Learn more