| Wednesday, 20th August 2025, 9:16 am

മദ്രാസിയില്‍ നായകനായി മനസില്‍ കണ്ടത് ഷാരൂഖിനെ; വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല: എ. ആര്‍. മുരുഗദോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിക്കന്ദര്‍ എന്ന ചിത്രത്തിന്റെ വന്‍ പരാജയത്തിന് ശേഷം എ. ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് മദ്രാസി. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് മദ്രാസി റിലീസാകുക. രുക്മിണി നായികയാകുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിക്രാന്ത്, ഷബീര്‍ കല്ലറക്കല്‍ എന്നിവരും മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മദ്രാസി എന്ന സിനിമയില്‍ നായകനായി ആദ്യം താന്‍ മനസില്‍ കണ്ടത് ഷാരൂഖ് ഖാനെ ആയിരുന്നുവെന്ന് എ. ആര്‍. മുരുഗദോസ് പറയുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ മദ്രാസിയുടെ തിരക്കഥ എഴുതുന്നതെന്നും എഴുതിയ ശേഷം അത് ഷാരൂഖ് ഖാന് കൈമാറുകയായിരുന്നെന്നും മുരുഗദോസ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മദ്രാസിയുടെ തിരക്കഥയെല്ലാം എഴുതി അത് ഷാരൂഖ് ഖാന് കൊടുത്തിരുന്നു. നായകനായി അദ്ദേഹമായിരുന്നു എന്റെ മനസില്‍. അത് വായിച്ചതിന് ശേഷം അദ്ദേഹത്തിന് കഥാപാത്രത്തില്‍ ശരിക്കും താത്പര്യമുണ്ടെന്ന് എനിക്ക് മനസിലായിരുന്നു. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഒരു മറുപടി എനിക്ക് ലഭിച്ചില്ല.

കുറച്ചുകാലമെല്ലാം ഒരു മറുപടിക്കായി എനിക്ക് കാത്തുനില്‍ക്കേണ്ടി വന്നു. പിന്നെയും ഇല്ലാതെയായപ്പോള്‍ ഞാന്‍ മറ്റുകാര്യങ്ങളിലേക്ക് കടന്നു. വീണ്ടും അദ്ദേഹത്തെ തന്നെ സമീപിക്കുന്നത് വെറുതെയാകുമെന്ന് എനിക്ക് തോന്നി,’ എ. ആര്‍ മുരുഗദോസ് പറഞ്ഞു.

മദ്രാസിയുടെ കഥ എന്താണെന്ന് പറഞ്ഞില്ലെങ്കിലും ഒരു അഭിമുഖത്തില്‍ തിരക്കഥയിലും ആക്ഷന്‍ സീനുകളിലുമെല്ലാം ചെറുതായി ഗജിനിയും തുപ്പാക്കിയും കടന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അനിരുദ്ധ് രവിചന്ദറാണ് മദ്രാസിക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

Content Highlight: AR Murugados Says Shah Rukh Khan Was The Initial Choice For Madharaasi Movie

We use cookies to give you the best possible experience. Learn more