| Thursday, 11th April 2013, 2:35 pm

സ്മാര്‍ട്‌സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: സ്മാര്‍ട്‌സിറ്റി മാസ്റ്റര്‍ പ്‌ളാനിന് അംഗീകരമായി. ദുബായ് എമിറേറ്റ്‌സ് ടവറില്‍ നടന്ന സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മാസ്റ്റര്‍ പ്‌ളാനിന് അംഗീകാരം നല്‍കിയത്.

ഗള്‍ഫിലെ ആദ്യ ജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെ വിവിധ പരിപാടികള്‍ക്കായി ദുബൈയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. []

ജൂലായ് 1 ന് ആദ്യ കെട്ടിട നിര്‍മ്മാണം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍.

ആസ്ഥാന മന്ദിരമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. നാലുലക്ഷം ചതുരശ്രയടിയുള്ള കെട്ടിടവും ഒന്നരലക്ഷം ചതുരശ്രയടിയില്‍ പാര്‍ക്കിങ് അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. ഇതിനൊപ്പം അമ്പതേക്കറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും.

യോഗത്തില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സ്മാര്‍ട് സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും യോഗത്തില്‍ നടന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കൊച്ചിയില്‍ പ്രത്യകേ ഓഫിസ് തുറക്കുന്നതിന് പുറമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആറു മാസത്തിനകം തുടങ്ങും, അഞ്ചര വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും, ജനുവരി 31ന് മാസ്റ്റര്‍ പ്‌ളാന്‍ അംഗീകരിക്കും എന്നീ തീരുമാനങ്ങളും അന്നുണ്ടായി.

എന്നാല്‍, ഇതിന്റെടിസ്ഥാനത്തില്‍ വേണ്ടത്ര വേഗത്തില്‍ മുന്നോട്ടുപോകാന്‍ സാധിച്ചിട്ടില്ല. അതിനാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.

അതേസമയം, ഇടക്കിടെയുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ആശങ്കയുണ്ടായിരുന്നു. എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ടീകോമിനോട് ശക്തമായി ആവശ്യപ്പെടും.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കീഴിലുള്ള 246 ഏക്കര്‍ ഭൂമിക്കും ഏക സെസ്സ് പദവി ജനവരിയിലാണ് അനുവദിച്ചത്. നേരത്തേ 131 ഏക്കറിനാണ് സെസ്സ് പദവി അനുവദിച്ചിരുന്നത്.

പദ്ധതിപ്രദേശം രണ്ടായി വിഭജിച്ച് കടമ്പ്രയാര്‍ ഒഴുകുന്നതിനാല്‍ 101 ഏക്കര്‍ ഭൂമിക്ക് സെസ്സ് പദവി നിഷേധിക്കുകയായിരുന്നു. കടമ്പ്രയാറിന് കുറുകെ പാലം നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം ബോര്‍ഡ്‌യോഗം അംഗീകരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more