2026ല്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ദൃശ്യം 3യ്ക്ക് ശേഷം ഏറ്റവും ഹൈപ്പിലെത്തിയ ചിത്രമായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ട്വന്റി-20യ്ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയില്‍ ഒരുങ്ങിയ ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലും കഴിഞ്ഞ ദിവസം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന ലേബലിലെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കാഴ്ച്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. 125 കോടിയിലധികം ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ആഗോളതലത്തില്‍ എണ്‍പത് കോടി മാത്രം നേടാന്‍ സാധിച്ചതോടെയാണ് ചിത്രം സാമ്പത്തികപരമായി പരാജയമായി മാറിയത്. ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരെ ട്രോളുകളും ഉയര്‍ന്നിരുന്നു.
പേട്രിയറ്റ്. Photo: IMDB
കോടികള്‍ മുടക്കി നിര്‍മിച്ച സിനിമയായിരുന്നിട്ടും ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ ഡീ ഏജിങ് സീനുകള്‍ മോശമാണെന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും. ഇതോടൊപ്പം മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ഒന്നിച്ച് കാറില്‍ പോകുമ്പോള്‍ ഉള്ള ഡയലോഗുകള്‍ക്കും കേണല്‍ റഹീം നായിക്കെന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ അനാവശ്യമായി ചിത്രത്തില്‍ കൊന്നുകളഞ്ഞതിനും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ചിത്രത്തിലെ ക്യാമറ വര്‍ക്കിനെയും ടെക്‌നിക്കല്‍ സൈഡിനെയും അഭിനന്ദിച്ച് കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ കാറിനുള്ളില്‍ നടക്കുന്ന മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സംഭാഷണ രംഗങ്ങളില്‍ എങ്ങനെയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നതെന്ന ചര്‍ച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. അത്രയും കുറഞ്ഞ സ്‌പേസില്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലും ഷൂട്ട് സാധ്യമല്ലെന്നിരിക്കെ വളരെ സ്മൂത്തായി രംഗം ഒപ്പിയെടുത്ത ക്യാമറമാനെയും സംവിധായകനെയും പലരും പ്രശംസിക്കുന്നുണ്ട്. ഇത് എടുത്തിരിക്കാന്‍ സാധ്യതയുള്ള പല ടെക്‌നിക്കുകളെ കുറിച്ചും പലരും ചര്‍ച്ച ചെയ്യുന്നുണ്ട്.
പേട്രിയറ്റ്. Photo: Zee5
എന്നാല്‍ ഈ ചര്‍ച്ചകളെല്ലാം അരങ്ങേറിയിരിക്കുന്നത് തമിഴ് സിനിമാ പേജിലാണെന്നതാണ് പ്രത്യേകത. മലയാളി സിനിമാ പ്രേക്ഷകര്‍ പലരും പേട്രിയറ്റിനെ ഫാന്‍ഫൈറ്റിനായി കീറിമുറിക്കുമ്പോള്‍ ചിത്രത്തിന്റെ നല്ല വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലരും മറന്നുപോയിരുന്നു. എന്നാല്‍ ഈ ഭാരങ്ങള്‍ ഒന്നും ഇല്ലാതെ തന്നെയാണ് പേട്രിയറ്റിന്റെ മെഴിമാറ്റിയ വേര്‍ഷന്‍ മറ്റ് ഭാഷകളിലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Content Highlight: Appreciation for patriot movie from Tamil audience