| Tuesday, 28th July 2026, 8:20 am

പുലര്‍ച്ചെ രണ്ട് മണിക്ക് കാജലും ലിപ്സ്റ്റിക്കും പുരട്ടുന്നത് മാനസിക രോഗ ലക്ഷണമായി കണക്കാക്കാനാവില്ല: വിവാഹ മോചന ഹരജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി

നിഷാന. വി.വി

റാഞ്ചി: പുലര്‍ച്ചെ രണ്ട് മണിക്ക് ഒരു സ്ത്രീ കാജലും ലിപ്സ്റ്റിക്കും പുരട്ടുന്നത് മാനസിക രോഗത്തിന്റെ ലക്ഷണമായി കണക്കാക്കാനാവില്ലെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി. നവവധു സൗന്ദര്യം സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സ്വാഭാവികമാണെന്നും കോടതി പറഞ്ഞു.

ഈ കാരണം കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവിന്റെ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് സുജിത് നാരായണന്‍ പ്രസാദും ജസ്റ്റിസ് സജ്ഞയ് പ്രസാദും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

2015ല്‍ വിവാഹിതനായ ശേഷം ഭാര്യ പാതിരാത്രി ലിപ്സ്റ്റിക്കും കാജലും പുരട്ടുന്നത് കണ്ടുവെന്നും അതിനാല്‍ മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്ന് തനിക്ക് സംശയുമുണ്ടന്ന് കാണിച്ചുമായിരുന്നു പങ്കാളി വിവാഹ മോചനത്തിന് ഹരജി നല്‍കിയത്. മാനസികാരോഗ്യ പ്രശ്‌നമുള്ള കാര്യം മറച്ച് വെച്ച് കുടുംബം തന്നെ വഞ്ചിച്ചുവെന്നും ഹരജിയില്‍ പറയുന്നു.

എന്നാല്‍ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഒരു മെഡിക്കല്‍ രേഖയും സമര്‍പ്പിക്കാന്‍ പങ്കാളിക്ക് സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരാളെ മാനസിക രോഗിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഇത് ഒരു അറേഞ്ച്ഡ് വിവാഹമായിരുന്നുവെന്നും മാതാപിതാക്കളുടെ സാനിധ്യത്തില്‍ പുരുഷന്‍ പെണ്‍കുട്ടിയെ നേരത്തെ കണ്ടിട്ടുണ്ടെന്നും പെരുമാറ്റത്തില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടായിരുന്നുവെങ്കില്‍ വിവാഹത്തിന് മുമ്പ് തന്നെ ശ്രദ്ധിക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു.

രേഖകള്‍ പ്രകാരം ദമ്പതികള്‍ രണ്ടര വര്‍ഷം ഒരുമിച്ച് താമസിച്ചു. എന്നാല്‍ 2017 ജൂലൈ പത്തിന് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലാക്കുകയും പിറ്റേന്ന് തന്നെ വിവാഹ മോചന ഹരജി നല്‍കുകയുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ദാമ്പത്യം തകര്‍ന്നതിനുള്ള കാരണം സ്ത്രീയല്ല പുരുഷന്‍ തന്നെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സ്ത്രീധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ വീട്ടുകാര്‍ പരാജയപ്പെട്ടതോടെ തന്നെ മാനസിക രോഗിയാക്കി മുദ്രകുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്റെ പിതാവ് ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും എന്നാല്‍ രണ്ട് ലക്ഷം കൂടി നല്‍കാത്തതിന് ശാരീരമായും മാനസികമായും പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാദം കേള്‍ക്കുന്നതിനിടയിലുള്ള അനുരജ്ഞന പ്രക്രിയയിലുടനീളം ഒരുമിച്ച് ജീവിക്കാന്‍ സ്ത്രീ സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും എന്നാല്‍ പുരുഷന്‍ അതിന് തയ്യാറായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

മാനസികരോഗം ദാമ്പത്യ ജീവിതം തകര്‍ത്തു എന്ന് കാണിക്കതക്കതായുള്ള തെളിവുകളൊന്നുമില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ മാത്രമേ വിവാഹമോചനത്തിനുള്ള കാരണമായി കാണിക്കാന്‍ കഴിയുകയുള്ളുവെന്നും ഹൈക്കോടതി പറഞ്ഞു.

സ്ത്രീ മാനസിക രോഗിയാണെന്ന വാദം തെളിയിക്കാന്‍ ഹരജിക്കാരന്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ സ്വന്തം തെറ്റിനെ അദ്ദേഹത്തിന് മറച്ച് വെക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

Content Highlight: Applying kohl and lipstick at 2 AM cannot be considered a symptom of mental illness: Jharkhand High Court dismisses divorce petition.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more