| Thursday, 5th March 2015, 12:42 pm

ശബ്ദമലിനീകരണത്തിനെതിരെ പ്ലേ സ്റ്റോര്‍ ആപ്പ്: കാമ്പെയ്‌നുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബ്ദമലിനീകരണം തടയാന്‍ പുതിയ കാമ്പെയ്‌നുമായി സോഷ്യല്‍ മീഡിയ. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുള്ള ആര്‍ക്കും ശബ്ദശല്യം സ്വയം അളയ്ക്കാന്‍ കഴിയുന്ന ആപ്പ് പരിചയപ്പെടുത്തിക്കൊണ്ടാണ് കാമ്പെയ്‌നിനു തുടക്കമിട്ടിരിക്കുന്നത്.

കാമ്പെയ്ന്‍ ഇങ്ങനെ: പ്ലെ സ്റ്റോറില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന സൗണ്ട് മീറ്റര്‍ എന്ന ആപ്പ് ഉപയോഗിച്ച് ശബ്ദശല്യം അളയ്ക്കുക. 75 ഡെസിബെലില്‍ കൂടുതലാണെങ്കില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായ ആളുകളുടെ വാളുകളില്‍ ഇടുക.

അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവനാണ് കാമ്പെയ്‌നിനു തുടക്കം കുറിച്ചിരിക്കുന്നത്.  “ആംബിയന്റ് നോയ്‌സ് മോണിറ്ററിംഗ് നടത്താന്‍ ബാധ്യതയുള്ള പൊല്യൂഷന്‍ ബോര്‍ഡ് നോക്കുകുത്തിയാകുമ്പോള്‍, നമുക്ക് ഓരോ പൗരനും ശബ്ദശല്യത്തിന്റെ മോണിറ്ററിംഗ് നടത്തി ലോകത്തെ അറിയിക്കാം.” ഹരീഷ് ആഹ്വാനം ചെയ്യുന്നു.

ഈ ആപ്പിലൂടെയെടുക്കുന്ന ശബ്ദഅളവിനു നിയമസാധുതയുണ്ടോയെന്നത് സംബന്ധിച്ച് ഉറപ്പുനല്‍കാനാവുന്നില്ലെങ്കിലും ഇതൊരു വന്‍ കാമ്പെയ്ന്‍ ആയി മാറിയാല്‍ കോടതി ഇക്കാര്യം പരിശോധിക്കുമെന്ന് ഹരീഷ് പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഈ ആശയം പങ്കുവെക്കുന്നതിനൊപ്പം ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ വിവിധ നഗരങ്ങളിലുള്ള സുഹൃത്തുക്കളെയും ഹരീഷ് ടാഗ് ചെയ്തിട്ടുണ്ട്. കൂടാതെ ഇക്കാര്യത്തില്‍ ഇടപെടാന്‍ മാധ്യമപ്രവര്‍ത്തകരോടും ആവശ്യപ്പെടുന്നുണ്ട്.

ആറ്റുകാല്‍ പൊങ്കാല നടക്കുന്ന പ്രദേശത്തെ ശബ്ദമലിനീകരണം കാരണം ബുദ്ധിമുട്ടിയ ഒരാളിട്ട പോസ്റ്റാണ് ഇങ്ങനെയൊരു കാമ്പെയ്ന്‍ എന്ന ആശയം മനസില്‍ വരാന്‍ കാരണമായതെന്നും ഹരീഷ് വിശദീകരിക്കുന്നുണ്ട്. താന്‍ സ്ഥിരമായി ഈ ആപ്പ് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more