| Saturday, 8th November 2025, 9:44 pm

നിങ്ങളോട് ക്ഷമ ചോദിക്കുന്നു, സോഷ്യല്‍ മീഡിയയില്‍ മാപ്പ് പറച്ചില്‍ ട്രെന്‍ഡുമായി പി.വി.ആര്‍ മുതല്‍ കൊച്ചി മെട്രോ വരെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇപ്പോള്‍ മാപ്പുപറച്ചിലിന്റെ ഉത്സവമാണ്. പല കമ്പനികളുടെ പേജുകളും അവരുടെ ഫോളോവേഴ്‌സിനോട് മാപ്പ് ചോദിക്കുന്ന പോസ്റ്റുകളാണ് എല്ലായിടത്തും. ഇത്രയും കാലം കൂടെ നിന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. പിന്നീട് ആ കമ്പനി ചെയ്ത നല്ല കാര്യങ്ങളാണ് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെല്ലാം ഈ ട്രെന്‍ഡിന് പിന്നാലെയാണ് ഇപ്പോള്‍. പി.വി.ആര്‍, സ്‌കോഡ, ഫോക്‌സ്വാഗണ്‍, അദാനി സിമന്റ്‌സ് തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ മുതല്‍ ക്ലബ്ബ് എഫ്.എം പോലുള്ള റേഡിയോ ചാനല്‍ വരെ ഈ ട്രെന്‍ഡിന് പിന്നാലെയാണ്. പുതുതായി റിലീസാകുന്ന സിനിമകളും ഈ ട്രെന്‍ഡ് പിന്തുടരുന്നുണ്ട്.

ധനുഷ് നായകനാകുന്ന തേരേ ഇഷ്‌ക് മേം, തെലുങ്ക് ചിത്രം ഗേള്‍ഫ്രണ്ട് എന്നിവയെല്ലാം ഇത്തരത്തില്‍ പ്രേക്ഷകരോട് മാപ്പ് ചോദിക്കുന്നുണ്ട്. ഇങ്ങ് കേരളത്തില്‍ സോറി ചോദിക്കുന്നത് ട്രെന്‍ഡാകുന്നുണ്ട്. ഫുഡ് വ്‌ളോഗര്‍ മൃണാളിന്റെ ഹംഗ്രി മൃണാള്‍ റെസ്‌റ്റോറന്റ്, സൂപ്പര്‍ ലീഗ് കേരള, ക്ലബ്ബ് എഫ്.എം എന്നിവ ഇത്തരത്തില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഈ ട്രെന്‍ഡ് എവിടെയാണ് ആരംഭിച്ചതെന്നും എങ്ങനെയാണ് വൈറലായതെന്നും പിടിയില്ലാതെ നില്‍ക്കുകയാണ് പലരും. ഫോളോ ചെയ്യുന്ന പേജ് അവരുടെ ഫീഡില്‍ ‘നിങ്ങളോട് ക്ഷമ ചോദിക്കുന്നു’ എന്ന് പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റ് വളരെ വേഗത്തില്‍ ശ്രദ്ധയില്‍ പെടുന്നുണ്ട്. പോസ്റ്റ് മുഴുവനായി വായിക്കുമ്പോഴാണ് പലര്‍ക്കും കാര്യമെന്താണെന്ന് മനസിലാകാറുള്ളത്.

ഈ ട്രെന്‍ഡ് ആരാണ് ആദ്യം തുടങ്ങിയതെന്നറിയാതെ പലരും അന്തം വിട്ട് ഇരിക്കുകയാണ്. 2024ല്‍ എതിരാളികളെക്കാള്‍ മികച്ചത് തങ്ങളാണെന്ന് തെളിയിക്കാനായി ഫിലിപ്പീന്‍സിലെ ഒരു കമ്പനിയാണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. ഉപഭോക്താക്കള്‍ക്കിടയില്‍ ഇത് വലിയ രീതിയില്‍ ശ്രദ്ധ നേടി. 2025ലാണ് ഈ ട്രെന്‍ഡ് ഇന്ത്യയില്‍ ആരംഭിച്ചത്.

വാഹന നിര്‍മാതാക്കളായ സ്‌കോഡയാണ് ഈ ട്രെന്‍ഡ് ഇന്ത്യയില്‍ കൊണ്ടുവന്നത്. പിന്നീട് പല കോര്‍പ്പറേറ്റുകളും അവരുടെ മാര്‍ക്കറ്റിങ്ങിന് വേണ്ടി ഈ ‘മാപ്പ് പ്രസ്താവന’ ട്രെന്‍ഡ് പിന്തുടരുകയാണ്. മാര്‍ക്കറ്റില്‍ തങ്ങളുടെ എതിരാളികള്‍ ചെയ്തതിനെക്കാള്‍ നല്ല കാര്യങ്ങള്‍ തങ്ങളാണ് ചെയ്തതെന്ന് പറയാതെ പറയുന്ന ഇത്തരം പ്രസ്താവനകള്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlight: Apology Statement trend viral in social media

We use cookies to give you the best possible experience. Learn more