ന്യൂദൽഹി: മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പരാജയപെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നുവെന്നും പ്രതിപക്ഷത്തിന് തക്കതായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ പകുതി വരുന്ന ജനസംഖ്യയുടെ അവകാശങ്ങൾ തടഞ്ഞവർ വരും നാളുകളിൽ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ഉന്നമനം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബിൽ പരാജയപ്പെട്ടപ്പോൾ പാർലമെന്റിൽ കൈയടിച്ച കുടുംബ പാർട്ടികൾ വാസ്തവത്തിൽ സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് പരിഹസിച്ചത്. വനിതാ സംവരണം തടഞ്ഞതിലൂടെ പ്രതിപക്ഷം ചെയ്ത പാപത്തിന് ജനങ്ങൾ ശിക്ഷ നൽകും,’ പ്രധാനമന്ത്രി പറഞ്ഞു.
‘മണ്ഡല പുനർനിർണയം രാജ്യത്തിന് ഗുണം ചെയ്യുമായിരുന്നു, സ്ത്രീകൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നു, കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കും സീറ്റുകൾ ലഭിക്കുമായിരുന്നു, സ്വന്തം സംസ്ഥാനങ്ങളെയാണ് പ്രതിപക്ഷം വഞ്ചിച്ചത്,’ പ്രധാനമന്ത്രി ആരോപിച്ചു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എസ്.പി തുടങ്ങിയ പാർട്ടികൾ സ്വാർത്ഥരാണെന്ന് പറഞ്ഞ മോദി ജനങ്ങളിൽ നിന്നും പ്രതിപക്ഷത്തിന് ഒളിച്ചോടാനാകില്ലെന്നും പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയ ഈ പദ്ധതികളെ കോൺഗ്രസ്സും കൂട്ടാളികളും ഭ്രൂണഹത്യ ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.
2029 മുതൽ രാജ്യത്ത് വനിതാ സംവരണം പ്രായോഗികമാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിയതെന്നും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ എല്ലാം തിരിച്ചറിയുന്നവരാണെന്നും, തങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചവരെ അവർ കൃത്യമായി അടയാളപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളെ കന്നാക്രമിച്ച മോദി രാജ്യത്തെ വനിതകളെ ആദരിക്കാനുള്ള, അവർക്ക് സംവരണം നൽകാനുള്ള ശ്രമങ്ങൾ തുടരുമെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്.
Content Highlight: Apologizes to the women of the country; Opposition will be punished accordingly; PM addresses the nation