ചെന്നൈ: തമിഴ് വെബ്‌സീരീസായ ‘ റിസോര്‍ട്ടു’ മായി ബന്ധപ്പെട്ട വിവാദത്തില്‍ മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് തമിഴ്‌നടനും തിരക്കഥാകൃത്തുമായ വിജയ്കുമാര്‍ രാജേന്ദ്രന്‍.
വിജയ് കുമാറിനും ഭാര്യ നക്ഷത്രയ്ക്കുമെതിരെ നടി ആരോപണം ഉന്നയിച്ചിരുന്നു. ഒരു വര്‍ഷത്തെ കരാരില്‍ ഒപ്പിട്ട ശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങള്‍ തടഞ്ഞുവെന്നും മതിയായ പ്രതിഫലം നല്‍കിയില്ലെന്നുമായിരുന്നു നടിയുടെ ആരോപണം. തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നടി ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇത് വിവാദമായതോടെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ തനിക്കും ഭാര്യയ്ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും വ്യാജവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഇത് തങ്ങളുടെ പ്രതിഛായയ്ക്ക് ഭംഗം വരുത്തിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അനുഗ്രഹയുമായി യാതൊരിവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്നും മാപ്പ് പറഞ്ഞ് എല്ലാ മാധ്യമങ്ങളില്‍ നിന്നും ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അനുഗ്രഹയ്ക്കും സുഹൃത്തായ ഷാരോണിനുമെതിരായാണ് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിയോ ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങിയ റിസോര്‍ട്ട് എന്ന വെബ് സീരിസുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍.
വിജയ്കുമാര്‍, ഭാര്യ നക്ഷത്ര, നിര്‍മാണ കമ്പനിയായ ഗ്ലോബല്‍ വില്ലേജേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് നടി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.
വെബ്‌സീരീസിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും മാനസികമായി തളര്‍ന്ന് ആത്മഹത്യയുടെ വക്കില്‍ എത്തിയിരുന്നുവെന്നും നടി പറഞ്ഞിരുന്നു.
Content Highglight: Apologize within 48 hours; Vijay Kumar Rajendran tells Malayalam actress over Tamil web series controversy