| Tuesday, 28th July 2026, 1:07 pm

മാപ്പ്! അറിയാതെ പറ്റിയതാണ്; മോദിയുടെ സെല്‍ഫി വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തതില്‍ വിശദീകരണവുമായി മെറ്റ

നിഷാന. വി.വി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെല്‍ഫി വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന മോദിയുടെ സെല്‍ഫി വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

പിന്നാലെയാണ് മെറ്റയുടെ മാപ്പ് പറഞ്ഞ് കൊണ്ടുള്ള പ്രസ്താവന. സാങ്കേതിക പിഴവ് മൂലം അബദ്ധത്തില്‍ നീക്കം ചെയ്തതാണെന്നും പുനസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. സംഭവത്തില്‍ മെറ്റയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണത്തിനായി വിളിച്ച് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സി.ജെ.പിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സെല്‍ഫി വീഡിയോ പങ്കുവെച്ചിരുന്നു.

ജൂലൈ 23 ന് പങ്കുവെച്ച ഈ വീഡിയോ ജൂലൈ 28 ന് പുലര്‍ച്ചെ അല്‍പ സമയത്തേക്ക് ഫേസ്ബുക്കില്‍ ലഭ്യമല്ലാതായി. നിയമപരമായ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ നിയന്ത്രിച്ചിരിക്കുന്നു എന്ന സന്ദേശമായിരുന്നു ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. സംഭവം വിവാദമായതോടെയാണ് മെറ്റയുടെ പ്രതികരണം.

ഉപയോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തടസങ്ങള്‍ പരിഗരിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും മെറ്റ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മെറ്റയുടെയും ഇന്‍സ്റ്റഗ്രാമിന്റയും ആഗോള മേധാവികള്‍ക്ക് ഇന്റഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മന്ത്രാലയം ഇതിനകം തന്നെ സമന്‍സ് അയച്ചിട്ടുണ്ട്. വീഡിയോ നീക്കം ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായി എടുക്കുമെന്നും പ്രതിനിധികളെ വിളിച്ച് വരുത്തുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Content Highlight: Apologies! It was an inadvertent error; Meta explains the removal of Modi’s selfie video from Facebook.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more