| Saturday, 3rd January 2026, 7:31 am

മമ്മൂക്ക പറഞ്ഞത് പോലെ അഭിനയിക്കാന്‍ ആര്‍ത്തി; ആ സിനിമക്ക് ഒ.ടി.ടിയില്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷം: അപര്‍ണ ബാലമുരളി

ഐറിന്‍ മരിയ ആന്റണി

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അപര്‍ണ ബാലമുരളി. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിക്കുകയും മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത അപര്‍ണ പിന്നീട് തമിഴ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു.

Photo: അപര്‍ണ ബാലമുരളി Aparna Balamurali/ Facebook.com

സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. ഇപ്പോള്‍ രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തില്‍ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അപര്‍ണ പറയുന്നു.

‘ദേശീയ അവാര്‍ഡ് കിട്ടിയതുകൊണ്ട് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യില്ല എന്നൊന്നും ഇല്ല. മമ്മൂക്ക പറഞ്ഞതു പോലെ അഭിനയിക്കാനുള്ള ആര്‍ത്തിയാണ് പ്രധാനം. ലീഡ് റോളില്‍ എപ്പോളും അഭിനയിക്കുക എന്നതല്ല, എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് ഇഷ്ടം.

നല്ല പെണ്‍കുട്ടി റോള്‍ ഒരു സിനിമയില്‍ ചെയ്ത് കഴിഞ്ഞാല്‍ അടുത്ത സിനിമയില്‍ ഒരു നെഗറ്റീവ് റോള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എപ്പോഴും വ്യത്യസ്തമായ വേഷം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് എനിക്കിഷ്ടവുമാണ്,’ അപര്‍ണ പറയുന്നു.

ത്രില്ലര്‍ സിനിമകള്‍ ഇപ്പോള്‍ എല്ലാവരും ചെയ്യുന്നത് കൊണ്ട് തനിക്ക് ഇനി അങ്ങനെയുള്ള സിനിമകള്‍ ചെയ്യണമെന്നില്ലെന്നും അപര്‍ണ പറഞ്ഞു. താന്‍ ചെയ്ത ‘ഇനി ഉത്തരം’ എന്ന സിനിമ നല്ല സിനിമയായിരുന്നുവെന്നും തിയേറ്ററില്‍ ആ സിനിമ വര്‍ക്ക് ആയില്ലെന്നും നടി പറഞ്ഞു. എന്നാല്‍ തനിക്ക് ഏറ്റവും കൂടുതല്‍ അപ്രിസിയേഷന്‍ ഇപ്പോള്‍ കിട്ടുന്നത് ആ സിനിമക്കാണെന്നും ഒ.ടി.ടി.യില്‍ കണ്ടിട്ട് ആ സിനിമ കുറേ പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

ഇനി ഉത്തരം/ Theatrical poster

‘ഇനി ഉത്തരം’ സിനിമയുടെ തിരക്കഥയും എല്ലാം തന്നെ നല്ലതായിരുന്നുവെന്നും തിയേറ്ററില്‍ ആ സമയത്ത് സിനിമ വര്‍ക്ക് ആയില്ല, എന്നാല്‍ ഇപ്പോള്‍ ആ സിനിമക്ക് പ്രശംസ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്ത് ഉണ്ണി തിരക്കഥയെഴുതി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇനി ഉത്തരം. അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍, ഹരീഷ് ഉത്തമന്‍, സിദ്ദിഖ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

Content Highlight:  Aparna Balamurali  talking about the movie Ini utharam  

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more