| Friday, 12th September 2025, 7:22 am

തമിഴില്‍ ഇത്രയും സ്ലാങ്ങുകള്‍ ഉണ്ടെന്ന് അന്ന് മനസിലായി; ഡയലോഗുകള്‍ എനിക്ക് മനപാഠമായിരുന്നു: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപര്‍ണയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്.

മലയാളത്തിന് പുറമേ തമിഴിലേക്കും ചേക്കേറിയ അപര്‍ണ സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

ഇപ്പോള്‍ സൂരറൈ പോട്ര് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ.
സൂരറൈ പോട്രുവിന്റെ സമയത്താണ് താന്‍ തമിഴ് നാട്ടില്‍ ഓരോ സ്ഥലത്തും ഇത്രയും ഡയലക്റ്റ്‌സും സ്ലാങ്ങും ഉണ്ടെന്ന് മനസിലാക്കിയതെന്ന് അപര്‍ണ പറയുന്നു.

‘വളരെ ചെറിയ വ്യത്യസങ്ങളൊക്കെ ആയിരിക്കും. ഈ സിനിമ കഴിഞ്ഞപ്പോഴാണ് അത് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് കോയമ്പത്തൂരിന് ഒരു സ്ലാങ്ങ്, മധുരക്ക് ഒരു സ്ലാങ്ങ്. നോര്‍ത്ത് ചെന്നൈയ്ക്ക് മറ്റൊരു സ്ലാങ്ങ്. കൃത്യമായ ഹോം വര്‍ക്ക് ചെയ്താല്‍ എനിക്ക് ചെയ്യാവുന്നതേ ഉള്ളു. പ്രാക്ടീസ് ചെയ്ത് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അത് സാധ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.

പിന്നെ ഈ സിനിമക്ക് ഒരുപാട് തവണ തിരക്കഥ വായിച്ചു. അതുപോലെ ഡയലോഗ് പറയുന്നതിന് പ്രത്യേകം ട്യൂട്ടോറിയല്‍ ഉണ്ടായിരുന്നു. ഒരു സീന്‍ എടുക്കുന്നതിന്റെ മുമ്പ് തന്നെ ഡയലോഗുകളൊക്കെ എനിക്ക് കൃത്യമായി കാണാതെ അറിയാം,’ അപര്‍ണ ബാലമുരളി പറയുന്നു.

അപര്‍ണ ഭാഗമാകുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മിറാഷ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകവേഷത്തില്‍ എത്തുന്നത്.

Content highlight:: Aparna Balamurali about tamil slags and soorari potru movie

We use cookies to give you the best possible experience. Learn more