| Tuesday, 8th September 2026, 10:46 am

തോല്‍വിയുടെ അരിശം സമുദായ സംഘടനകളോട് തീര്‍ക്കരുത്; സി.പി.എമ്മിനെതിരെ എ.പി സമസ്ത

റെന്വര്‍ പി

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ല്യാരുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്തി എ.പി. സമസ്ത. സംഘടയുടെ മുഖപത്രമായ സിറാജില്‍ എ.പി സമസ്ത നേതാവ് റഹ്‌മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തിലാണ് സി.പി.ഐ.എമ്മിനെതിരായ പ്രതികരണങ്ങള്‍.

സി.പി.ഐ.എമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയം അണികള്‍ നല്‍കിയ ഒരു ശിക്ഷകൂടിയാണെന്നും ഇതിന്റെ അരിശം പാര്‍ട്ടി പ്രവര്‍ത്തകരോടും സമുദായ സംഘടനകളോടും തീര്‍ക്കുന്നതിന് പകരം രോഗത്തിന് ചികിത്സിക്കുന്നതാണ് നല്ലതെന്നും സഖാഫി അഭിപ്രായപ്പെടുന്നു. അല്ലെങ്കില്‍ ബംഗാളിലെ അവസ്ഥവരും. അത് ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.

‘ഇവിടെ ആര്‍ക്കാണ് പ്രശ്നം?’ എന്ന പേരിലുള്ള ലേഖനത്തിലാണ് റഹ്‌മത്തുല്ലാഹ് സഖാഫി ഈ വാദങ്ങള്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പിലെ പരാജയം ന്യൂനപക്ഷ സമുദായങ്ങളുടെമേല്‍ ചാര്‍ത്തി വിമര്‍ശിക്കുന്ന രീതി ഈയിടെയായി പല ഇടതു പ്രൊഫൈലുകളില്‍ നിന്നും കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അരിശം തീര്‍ക്കുന്നതാണോ വിശദീകരണം നല്‍കിയിട്ടും വിമര്‍ശനവുമായി മുന്നോട്ടു പോകുന്നത് എന്ന് സംശയമുണ്ട്. ഇടതുപക്ഷത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് വിചാരിക്കുന്നവരാണ് സുന്നി പ്രസ്ഥാനം. യു.ഡി.എഫില്‍ പോലും അങ്ങനെ ചിന്തിക്കുന്നവരുണ്ട്,’ ലേഖനത്തില്‍ പറയുന്നു.

പത്ത് വര്‍ഷത്തോളമായി സി.പി.ഐ.എം സ്വീകരിച്ചു പോരുന്നതില്‍ നിന്ന് വ്യത്യസ്തമായി അന്ധമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ അവര്‍ സ്വീകരിച്ചുകാണുന്നതെന്നും കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള വിവാദങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സഖാഫി അഭിപ്രായപ്പെട്ടു. സഖാവ് ടി.കെ. ഹംസയെപ്പോലുള്ളവരുടെ പക്വതയുള്ള പ്രതികരണത്തെ വിസ്മരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാന്തപുരത്തിനെതിരെ ‘സി.പി.ഐ.എം വനിതാ നേതാക്കളാണ് ആദ്യം ചാടിവീണത്,’ എന്നും ലേഖനത്തില്‍ പറയുന്നു. ‘പുരോഗമന പട്ടം മറ്റാരെങ്കിലും തട്ടിയെടുക്കുന്നതിന് മുമ്പ് നിലനിര്‍ത്തണമല്ലോ. അത് തങ്ങളുടെ കുത്തകയാണല്ലോ. അവര്‍ കാന്തപുരം ഉസ്താദിന്റെ പ്രസ്താവന അടപടലം തള്ളി,’ എന്നും സഖാഫി കുറിച്ചു.

‘പാര്‍ട്ടിയിലെ സ്ത്രീ അവഗണന, മന്ത്രി സഭയിലെ അവഗണന, നിയമനിര്‍മാണ സഭയിലെ ദയനീയമായ പാര്‍ശ്വവത്കരണം ഇതെല്ലാം തത്കാലം മറന്നു. അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒറ്റവരി മറുപടി കൊണ്ട് സമാധാനിച്ചു.

പിന്നെ മഹിളാ സംഘടനകള്‍ ഉണ്ടാക്കി പാര്‍ശ്വവത്കരിച്ചത് വിസ്മരിച്ചു. തുല്യ നീതിക്കുവേണ്ടി സംസാരിക്കുന്ന പുതിയ ലോകത്ത് എന്തിനാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന? അത്തരം ചോദ്യങ്ങള്‍ക്ക് നേരെ ചെവിപൊത്തി,’ എന്നും ലേഖനത്തില്‍ പറയുന്നു.

ചിലര്‍ പത്തൊമ്പതാം നൂറ്റാണ്ടിലേക്കും ആറാം നൂറ്റാണ്ടിലേക്കും പോയപ്പോള്‍ മറ്റു ചിലര്‍ പാകിസ്താനിലേക്കും അഫ്ഗാനിസ്താനിലേക്കുമൊക്കെ കൊണ്ടുപോയി വിഷയത്തെ അന്തര്‍ദേശീയവത്കരിച്ചു. ഒരു സി.പി.ഐ.എം വനിതാ നേതാവ് അറിയാവുന്ന ഇംഗ്ലീഷില്‍ വിഷയം ദേശീയ പ്രശ്‌നമാക്കിയെന്നും സഖാഫി പറഞ്ഞു.

ഭരണം മോശമായത് കൊണ്ടാണ് പരാജയപ്പെട്ടത് എന്ന് അഭിപ്രായമില്ല. മറിച്ച് പാര്‍ട്ടിക്കുള്ളിലെ അമര്‍ഷം തന്നെയായിരുന്നു പ്രധാനകാരണമെന്ന് തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നുണ്ടെന്നും എ.പി നേതാവ് അഭിപ്രായപ്പെടുന്നു.

‘ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ചവെച്ചു. ഉജ്ജ്വലമായി വീണ്ടും തിരിച്ചുവന്നപ്പോള്‍ നന്മ ഉദ്ദേശിച്ച് കൊണ്ടാകാം മന്ത്രി സഭയില്‍ ഒരു തലമുറമാറ്റം കൊണ്ടു വന്നു. മുഖ്യമന്ത്രി മാത്രം മാറിയില്ല.

ഇത് മികച്ച ഭരണം കാഴ്ചവെച്ച പല മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കി. പാര്‍ട്ടി രീതിയനുസരിച്ച് പരസ്യമായി ആരും പ്രതികരിച്ചില്ലെങ്കിലും കടുത്ത മനോവേദന കടിച്ചിറക്കി അവര്‍ പാര്‍ട്ടിക്കൊപ്പം നിന്നു. ആലപ്പുഴയില്‍ സുധാകരനെ പോലുള്ളവര്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ പ്രതിഷേധമറിയിച്ചു. മുഖ്യമന്ത്രി കൂടി മാറിയിരുന്നെങ്കില്‍ ഇത് ഇത്ര രൂക്ഷമാകുമായിരുന്നില്ല,’ സഖാഫി കുറിച്ചു.

കണ്ണൂര്‍ ജില്ലയില്‍ സി.പി.ഐ.എം നേതാക്കള്‍ വിമതരായി യു.ഡി.എഫ് പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ ജയിച്ച സംഭവങ്ങളെക്കുറിച്ചും സഖാഫിയുടെ ലേഖനത്തില്‍ സൂചിപ്പിച്ചു. ‘വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നെയും മത്സരരംഗത്ത് ഉണ്ടാകുകയും പാര്‍ട്ടി നേതൃത്വത്തിലുള്ള പലരുടെയും ഭാര്യമാരും ബന്ധുക്കളും സീറ്റ് ഉറപ്പിക്കുകയും ചെയ്തതോടെ കണ്ണൂര്‍ ജില്ലയിലടക്കം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായി. ചിലര്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നു മത്സരിക്കാനും തയ്യാറായി,’ ലേഖനത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചരണരീതി കൂടുതല്‍ പ്രകോപനമുണ്ടാക്കി. കേരളം നിറയെ ഒരു വ്യക്തിയുടെ മാത്രം ഭീമന്‍ ബോഡുകള്‍ നിറഞ്ഞു. ഒരു മുന്നണിയായി മത്സരിക്കുമ്പോള്‍ മുന്നണി നേതാക്കളുടെ ഫോട്ടോയെങ്കിലും വെക്കേണ്ടതായിരുന്നു എന്ന സംസാരം അണികളും നേതാക്കളും തമ്മില്‍ പറഞ്ഞെന്നും സഖാഫി പറയുന്നു.

‘പരസ്യ പ്രതികരണത്തിന് മുതിര്‍ന്നാല്‍ പുറത്താവും. രാജാവും പ്രജയും എന്ന രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് പല പ്രാദേശിക നേതാക്കള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നു. അവര്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചു. പിന്നെ പത്ത് കൊല്ലമായതല്ലേ, ഒന്നു മാറ്റി നോക്കാമെന്ന് നിഷ്പക്ഷ വോട്ടര്‍മാരും ചിന്തിച്ചു കാണും,’ എന്നും ലേഖനത്തില്‍ പറയുന്നു.

Content Highlight: AP Samasta  against CPIM Stand in Controversy related to  Kanthapuram’s Remarks: Writeup of Rahmathulla Saqafi Elamaram in Siraj

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more