[]തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ്. നായരെ സ്വാധീനിക്കാന്‍ മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തായി. കോണ്‍ഗ്രസ് നേതാക്കളുടെ പേരൊഴിവാക്കാന്‍ സരിതയെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവായുള്ള ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പുറത്ത് വിട്ടു.[]
വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സ്റ്റാഫ് കേശവന്‍ എന്ന പേരില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സുരേഷ് മന്ത്രി അനില്‍ കുമാറുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടുകൊണ്ടാണ് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞു കൊണ്ട് വാര്‍ത്ത പുറത്ത് വിട്ടത്.
കേസില്‍ പ്രമുഖവ്യക്തികളുടെ പേര് പറയാതിരിക്കാന്‍ മലപ്പുറത്തെ വ്യവസായിയായ ഹംസ നെല്ലിക്കുത്തിനെ ഇടനിലക്കാരനാക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് ചാനല്‍ വ്യക്തമാക്കുന്നത്. സരിതയെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കാര്യം നടക്കുമെന്ന് ഹംസ നെല്ലിക്കുത്ത് ഉറപ്പ് പറയുന്ന സംഭാഷണവും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.
പറഞ്ഞ തുക നല്‍കാതെ സരിത വഴങ്ങില്ലെന്നും താന്‍ ഇക്കാര്യം അവരുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹം ഫോണിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
നീക്കം സംബന്ധിച്ച് (മൂവ്‌മെന്റ് എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്ന വാക്ക്)മാധ്യമങ്ങള്‍ എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് ബെന്നിച്ചേട്ടനുമായി സംസാരിച്ചിട്ട് മറുപടി പറയാമെന്നാണ് എ.പി. അനില്‍ കുമാര്‍ പറയുന്നത്. എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്ന ഒരു കാര്യവും തനിക്കറിയില്ലെന്ന് ബെന്നി ബഹന്നാന്‍ പ്രതികരിച്ചു.
ഫോണ്‍ സംഭാഷണം പുറത്തായതോടെ അനില്‍കുമാര്‍ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.