| Wednesday, 25th February 2026, 3:18 pm

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം; ആരോഗ്യ മന്ത്രിക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം: വെളളാപ്പള്ളി

നിഷാന. വി.വി

ആലപ്പുഴ: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മന്ത്രിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറഞ്ഞപോലെ ഏത് ആശുപത്രിയില്‍ എന്ത് നടന്നാലും വീണാ ജോര്‍ജിന്റെ തലയിലാണ്. ഗര്‍ഭം നടന്നാലും കത്തിയുണ്ടായാലും ആര് ചത്താലും ജനിച്ചാലും എല്ലാം,’ വെള്ളാപ്പള്ളി പറഞ്ഞു.

യാഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തി അന്വേഷണം നടത്തി അവരെ ശിക്ഷിക്കണം എന്ന് പറയുന്നതിന് പകരം മന്ത്രിയുടെ തല കൊയ്യാന്‍ വാളുമായിട്ടിറങ്ങുന്നത് ന്യായമാണോ മര്യാദയോണോയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ജനങ്ങള്‍ അത്ര മണ്ടന്മാരല്ല. വ്യക്തിഹത്യ ചെയ്യാന്‍ ഇറങ്ങിതിരിക്കുന്നതാരായാലും രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവര്‍ക്കും നല്ല തിരിച്ചറിവുണ്ട്. ജനങ്ങളെല്ലാം അറിവുള്ളവരാണ്. വീണാ ജോര്‍ജിനെ മാത്രം ടാര്‍ജെറ്റ് ചെയ്തുകൊണ്ട് നടക്കുന്നത് രാഷ്ട്രീയമാണ്.

ഇതെല്ലാം ഒരു മന്ത്രിയുടെ തലയില്‍ വെച്ചുകൊണ്ട് അവരെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. അത് മഹാ പാതകമാണ്, അത് രാഷ്ട്രീയമാണ്. ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് ഗവണ്‍മെന്റെിനെ ചീത്തയാക്കാന്‍ മന്ത്രിയെ പിടിക്കുകയാണെന്നും വെളളാപ്പള്ളി പറഞ്ഞു.

‘മന്ത്രിയുടെ വീട്ടില്‍ റീത്ത് വെച്ചതിനെ അവരില്‍പ്പെട്ടവര്‍ തന്നെ ശരിയല്ലെന്ന് പറഞ്ഞല്ലോ. റീത്ത് വെക്കുന്നത് ഞങ്ങളുടെ സംസ്‌കാരമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അവരുടെ വികാരത്തിന് മന്ത്രിയുടെ വീട്ടില്‍ റീത്ത് വെച്ചു. ഈ പ്രവൃത്തി നിയന്ത്രിക്കേണ്ടത് അവരുടെ നേതാക്കളാണ്. അവരെ പ്രത്യേകിച്ച് വിമര്‍ശിക്കാന്‍ ഞാന്‍ തയ്യാറല്ല,’ വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ആ അദ്ധ്യായം അടഞ്ഞെന്നോ അടഞ്ഞില്ലെന്നോ താന്‍ പറയുന്നില്ലെന്നും ഞാനില്ലെങ്കിലും ഇനിയും അദ്ധ്യായങ്ങള്‍ തുറക്കാന്‍ പലരും ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ചികിത്സ പിഴവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസിന്റെ റീത്ത് സമരമടക്കം നടന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിക്കുള്ള വെള്ളാപ്പള്ളിയുടെ പരസ്യ പിന്തുണ.

Content Highlight: Anything that touches a woman who doesn’t like her is a crime; Protests against the Health Minister are politically motivated: Vellapally

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more