വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍.
അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു നീക്കവും ശത്രുക്കളെ കടലിടുക്കിലെ മരണച്ചുഴില്‍ എത്തിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കി.
ട്രംപിന്റെ യുദ്ധഭീഷണിക്കും ഉപരോധത്തിനും മറുപടിയായാണ് റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ മുന്നറിയിപ്പ്.
ഇറാനുമായുള്ള ഇസ്‌ലാമാബാദിലെ ചര്‍ച്ചകള്‍ പാളിയതിന് പിന്നാലെ ഹോര്‍മുസ് ഉപരോധിക്കുമെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സൈന്യം അതേ നാണയത്തില്‍ തിരിച്ചടിച്ചത്.
ഹോര്‍മുസ് തടയാന്‍ നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും ഇറാന് ചുങ്കം കൊടുത്ത് കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
21 മണിക്കൂര്‍ നീണ്ട് നിന്ന മാരത്തണ്‍ ചര്‍ച്ച അമേരിക്കയുടെ ഏകപക്ഷീയമായ നിലപാടുകളെ തുടര്‍ന്ന് സ്തംഭിച്ചതോടെയാണ് സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കാനുള്ള ട്രംപിന്റെ നീക്കമുണ്ടായത്.
എന്നാല്‍ ഹോര്‍മുസ് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ശത്രുക്കള്‍ക്ക് അതൊരു മരണക്കെണിയായി മാറുമെന്നും റെവല്യൂഷണറി ഗാര്‍ഡ്‌സ് പറഞ്ഞു.
ട്രംപ് നടത്തിയ ഉപരോധ ഉത്തരവ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ പറഞ്ഞു. തങ്ങളുടെ അതിര്‍ത്തിക്കടുത്ത് നടത്തുന്ന ഏതൊരു സൈനിക നീക്കവും തടയാന്‍ പൂര്‍ണ സജ്ജരാണെന്നും ഐ.ആര്‍.ജി.സി പറഞ്ഞു.
സ്ഥിതിഗതികള്‍ വഷളായതോടെ ആഗോള എണ്ണ വിപണിയേയും ലോക സാമാധാനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ഹോര്‍മുസ് കടലിടുക്കിലെ തടസം ഇന്ധന വില കുതിച്ചുയരാന്‍ കാരണമായിരിക്കുകയാണ്.
യു.എസ് ഇസ്രഈല്‍ ആക്രണത്തെ തുടര്‍ന്ന് ഹോര്‍മുസില്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാമെന്നും സുരക്ഷിത ഗതാഗതം ഉറപ്പാക്കാമെന്നും ഇറാന്‍ സമ്മതിച്ചിരുന്നു. യുദ്ധത്തിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കാനുളള ഫണ്ടിനായി കപ്പലുകളില്‍ നിന്ന് ചുങ്കം ഈടാക്കുമെന്ന നിലപാടിലാണ് എതിര്‍പ്പുയര്‍ന്നത്. എന്നാല്‍ ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം ട്രംപ് ഉപരോധം പ്രഖ്യാപിച്ചതാണ് സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കിയത്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് മുന്നോട്ട് വെച്ച ഏകപക്ഷീയമായ ഓഫര്‍ ഇറാന്‍ തള്ളിയതോടെയായിരുന്നു ഇസ്‌ലാമാബാദില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടത്. പരാമാധികാരത്തെ ചോദ്യം ചെയ്യുന്ന അമിതാവശ്യങ്ങളാണ് അമേരിക്ക മുന്നോട്ട് വെച്ചതെന്നും ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ഇറാന്‍ പ്രതിനിധി സംഘത്തലവന്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു.
സൈനിക അധിനിവേശത്തിലൂടെ നേടാന്‍ കഴിയാത്തത് നയതന്ത്ര മേശയിലൂടെ നേടാമെന്ന് അമേരിക്ക കരുതേണ്ടെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായിയും പറഞ്ഞിരുന്നു.
Content Highlight: Any small move will lead enemies into a death spiral in the Strait; Iran responds to Trump’s announcement to block Hormuz