| Tuesday, 20th January 2026, 4:46 pm

തിരുനാവായയില്‍ 'കോഴിക്കോട്ടുകോയ'യുടെ ആളുകളില്ലാത്ത ഏത് മേളയും വികൃതമായ ആഭാസം: കെ.എന്‍. ഗണേശ്

രാഗേന്ദു. പി.ആര്‍

മലപ്പുറം: ‘കോഴിക്കോട്ടുകോയ’യുടെ ആളുകളില്ലാത്ത തിരുനാവായയിലെ ഏത് മേളയും വികൃതമായ ആഭാസമായിരിക്കുമെന്ന് ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ കെ.എന്‍. ഗണേശ്.

ആര്‍.എസ്.എസുകാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കുംഭമേളയും മാമാങ്കവും തമ്മില്‍ ഒരു വ്യത്യാസമുണ്ടെന്നും കെ.എന്‍. ഗണേശ് ചൂണ്ടിക്കാട്ടി.

മാമാങ്കത്തിന്റെ നിലപാടുതറയില്‍ സാമൂതിരിയോടൊപ്പം കോഴിക്കോട്ടുകോയ എന്നൊരാള്‍ കോടി ഉണ്ടായിരുന്നു. പൊന്നാനിയിലും തിരുനാവായയിലും ചരക്കിറക്കിയത് കോയയുടെ ആളുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ.എന്‍. ഗണേശിന്റെ പ്രതികരണം. ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ അവരുടെ ശത്രുക്കള്‍ മുസ്‌ലിങ്ങളാണെന്നും മുസ്‌ലിങ്ങള്‍ക്ക് എതിരെ പ്രതീകാത്മകമായ പുറപ്പാടല്ലേ നടക്കുന്നതെന്നും കെ.എന്‍. ഗണേശ് ചോദിക്കുന്നു.

സാമൂതിരിക്ക് പകരം ഭൂരിപക്ഷാധിപത്യത്തിന്റെ ഘോഷമാണ് നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ആര്‍.എസ്.എസുകാര്‍ തിരുനാവായ വെച്ച് കേരള കുംഭമേള നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അലഹബാദ് മഹാകുംഭമേള നടത്തിയ അഖാഡയാണത്രെ ഇതിന്റെയും സംഘാടകര്‍. തിരുനാവായയില്‍ നടന്നുപോന്ന മാമാങ്കത്തിന്റെ ഓര്‍മയിലാണത്രെ ഇത് സംഘടിപ്പിക്കുന്നത്.

മാമാങ്കത്തിന് ഒരു രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഭാരതപ്പുഴയുടെ തീരപ്രദേശവും അവിടത്തെ വാണിജ്യവും സാമൂതിരി കയ്യടിക്കിയതിന്റെ ഓര്‍മയില്‍, വ്യാഴവട്ടത്തിലൊരിക്കല്‍ ഈ ഓര്‍മ പുതുക്കാനും ആധിപത്യം നിലനിര്‍ത്താനും നടത്തുന്ന ഒരു ചടങ്ങ്. നിലപാട് തറയും വെള്ളാട്ടിരിയുടെ ചാവേറുമെല്ലാം ഇതിന്റെ ഭാഗമാണ്,’ കെ.എന്‍. ഗണേശ് എഴുതി.

സാമൂതിരിയും വെള്ളാട്ടിരിയും രാജാധിപത്യവുമൊക്കെ മണ്‍മറഞ്ഞ ഈ കാലത്ത് നടത്തുന്ന മേളക്ക് രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തിരുനാവായയില്‍ നടക്കാനിരിക്കുന്ന കേരള കുംഭമേളയുടെ ഭാഗമായി നടത്താനിരുന്ന രഥയാത്രക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

അതേസമയം ഇന്ന് (ചൊവ്വ) രാവിലെയോടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മഹാമാഘ മഹോത്സവം ഉദ്ഘാടനം ചെയ്തു. നാളെ മുതല്‍ ആരംഭിക്കുന്ന തിരുനാവായയിലെ കുംഭമേള ഫെബ്രുവരി മൂന്നിന്  അവസാനിക്കും.

Content Highlight: Any fair without the people of ‘Kozhikottukoya’ in Thirunavaya is a perverse disgrace: K.N. Ganesh

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more