| Sunday, 14th December 2025, 4:33 pm

വിലക്കുകള്‍ക്കിടയിലും ബോക്‌സ് ഓഫീസിനെ പിടിച്ചുകുലുക്കി ധുരന്ധര്‍; ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ 300 കോടി ക്ലബില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാകിസ്താനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിട്ടും ബോക്‌സ് ഓഫീസില്‍ വ്യക്തമായ ആധിപത്യം നിലനിര്‍ത്തി 300 കോടിയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ആദിത്യ ധറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ധുരന്ധര്‍. റിലീസ് ചെയ്ത് വെറും ഒമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് രണ്‍വീര്‍ സിങ് നായകനായ ചിത്രം ഈ നേട്ടത്തിലെത്തിയത്.

ധുരന്ധര്‍. Photo: screen grab/ jio studios/ youtub3e.com

ഉറി; ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിന് ശേഷം ആദിത്യ ധറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ചയാണ് നേട്ടത്തിലെത്തുന്നത്. രണ്‍വീര്‍ സിങ് പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, മാധവന്‍, സഞ്ജയ് ദത്ത്, സാറാ അര്‍ജുന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പാകിസ്താനിലെ അധോലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യ അയക്കുന്ന ചാരന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം 28 കോടിയാണ് ചിത്രം നേടിയത്. പിന്നീട് മികച്ച അഭിപ്രായം നേടിയതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിത്രം യഥാക്രമം 32 ഉം 45 ഉം കോടിയാണ് ബോക്‌സ്ഓഫീസില്‍ നിന്നും നേടിയത്.

പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മില്‍ സംഘര്‍ഷത്തിലുള്ള മേഖലയായ ബലൂച് പ്രവിശ്യയെക്കുറിച്ച് പരാമര്‍ശമുള്ള ചിത്രം ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൗദി, യു.എ.ഇ തുടങ്ങി ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൈഗര്‍ 3, ആര്‍ട്ടിക്കിള്‍ 370, ഫൈറ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും സമാന രീതിയില്‍ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചിരുന്നില്ല.

ധുരന്ധര്‍. Photo: screen grab/ jio studios/ youtub3e.com

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിലെ അക്ഷയ് ഖന്നയുടെ നൃത്തരംഗങ്ങളും ഗാനങ്ങളും വലിയ രീതിയില്‍ വൈറലായിരുന്നു. മൂന്നു മണിക്കൂര്‍ മുപ്പത്തിരണ്ടു മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെങ്കിലും ഒട്ടും ലാഗില്ലാതെ കണ്ടിരിക്കാന്‍ പറ്റുന്ന ആക്ഷന്‍ ത്രില്ലറാണ് ധുരന്ധര്‍ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഓപ്പണിങ് ദിവസം ബുക്ക് മൈ ഷോയിലൂടെ നാലു ലക്ഷത്തോളം മാത്രം ടിക്കറ്റുകള്‍ വിറ്റഴിച്ച ചിത്രത്തിന്റെ പത്തു ലക്ഷത്തോളം ടിക്കറ്റുകളാണ് ഒമ്പതാം ദിവസം വിറ്റഴിച്ചത്.

Content Highlight: ranveer sing acted durandhar enters in 300 crore club

We use cookies to give you the best possible experience. Learn more