കവി, വിവര്‍ത്തകന്‍, നിരൂപകന്‍, എഡിറ്റര്‍, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അന്‍വര്‍ അലി. മായാനദി എന്ന ചിത്രത്തിലെ ‘മിഴിയില്‍നിന്നും മിഴിയിലേക്ക്’ എന്ന പാട്ട് എഴുതിയത് അന്‍വര്‍ അലിയായിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും പാട്ടിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
എഴുതി പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ഒരു കവിതയില്‍ നിന്നാണ് ‘മിഴിയില്‍നിന്നും മിഴിയിലേക്ക്’ എന്ന പാട്ട് കിട്ടിയതെന്നും യുവാക്കള്‍ക്കിടയില്‍ തന്നെ അടയാളപ്പെടുത്തിയ പാട്ടായിരുന്നു അതെന്നും അന്‍വര്‍ അലി പറഞ്ഞു. ആ പാട്ട് എഴുതുമ്പോള്‍ ഇത്ര വലിയ ജനപ്രീതിയുണ്ടാക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എഴുതി പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ഒരു കവിതയില്‍ നിന്നാണ് മായാനദിയിലെ ‘മിഴിയില്‍നിന്നും മിഴിയിലേക്ക്’ എന്ന പാട്ടിലേക്ക് എത്തുന്നത്. ഗാനരചയിതാവ് എന്ന നിലക്ക് യുവാക്കള്‍ക്കിടയില്‍ എന്നെ വ്യാപകമായി അടയാളപ്പെടുത്തിയ പാട്ടുകൂടിയായിരുന്നു അത്.
മായാനദി എന്ന ചിത്രത്തിന്റെ ആലോചനയുടെ സമയത്തുതന്നെ സംവിധായകന്‍ ആഷിഖ് അബു വിളിച്ചിട്ട് പ്രണയകവിത പോലെയൊന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അന്ന് പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ഒരു കവിതയെടുത്ത് ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കൊടുത്തെങ്കിലും കുറച്ച് നാളത്തേക്ക് ആഷിഖിന്റെ മറുപടിയൊന്നും ഉണ്ടായില്ല. മാസങ്ങള്‍ക്കുശേഷം വിളിച്ചിട്ട് കഥാസാഹചര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അതിനനുസരിച്ചുള്ള ഒരു ട്യൂണ്‍ ഉണ്ടെന്നും പറഞ്ഞ് അത് അയച്ചുതരികയായിരുന്നു.
സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനും ഒന്നിച്ച് താമസിച്ച് സൃഷ്ടിക്കുന്ന പാട്ടുകള്‍ക്ക് ഒന്നുകൂടി ഭംഗി കൂടും. വളരെ അപൂര്‍വമായി മാത്രമേ അങ്ങനെ സംഭവിക്കാറുള്ളൂ. ഈ പാട്ടിന് അങ്ങനെ സംഭവിച്ചതിന്റെ ഗുണവും കിട്ടിയെന്നുവേണം പറയാന്‍.
‘മിഴിയില്‍നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ’യെന്ന് എഴുതുമ്പോള്‍ വളരെ യാദൃച്ഛികമായാണ് തോണി തുഴയുകയെന്ന ആശയം മനസിലേക്ക് വന്നത്. അന്ന് ഇത് ഇത്രയും വലിയ ജനപ്രീതിയുണ്ടാക്കുമെന്ന് കരുതിയിട്ടില്ല. ‘ഉടല്‍ത്തുളുമ്പിത്തൂവി തമ്മില്‍ മെല്ലെ’ എന്ന വരിയില്‍ ആ റൊമാന്റിക് ഭംഗി കാണാന്‍ സാധിക്കും.
റെക്കോഡിങ് കഴിഞ്ഞപ്പോള്‍ ആഷിഖും ഷഹബാസും റെക്‌സും വലിയ ആവേശത്തിലായിരുന്നു. ഞാനൊഴികെ എല്ലാവര്‍ക്കും ഇത് ഉറപ്പായും ഹിറ്റ് ആവുമെന്ന പ്രതീക്ഷയായിരുന്നു. എന്റെ തോന്നല്‍ തെറ്റി. പാട്ട് വന്‍ ഹിറ്റായി,’ അന്‍വര്‍ അലി പറയുന്നു.
Content Highlight: Anvar Ali talking about Mayanadhi Movie Song