| Monday, 21st July 2025, 2:01 pm

അങ്ങോട്ട് ഇടിച്ച് കയറി മിണ്ടാന്‍ പറ്റാത്ത ഒരാളാണ് മമ്മൂക്കയെന്ന് തോന്നിയിട്ടുണ്ട്: അനുശ്രീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനുശ്രീ. 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ തുടങ്ങിയ സിനിമകളിലൂടെയാണ് അനുശ്രീ ഒരു മുന്‍നിര നടിയായി വരുന്നത്.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. മമ്മൂട്ടിയുടെ അടുത്ത് സംസാരിക്കാന്‍ ഇപ്പോഴും ഭയങ്കര പേടിയാണെന്നും തനിക്ക് അങ്ങോട്ട് ചെന്ന് മിണ്ടാന്‍ പറ്റാത്ത ഒരാളാണ് അദ്ദേഹമെന്ന് തോന്നിയിട്ടുണ്ടന്നും അനുശ്രീ പറയുന്നു.

തന്നെ എപ്പോള്‍ കണ്ടാലും സിനിമ ഇല്ലാത്ത കാലത്ത് ജീവിക്കാന്‍ എന്തെങ്കിലും കണ്ടെത്തണമെന്ന് മമ്മൂട്ടി പറയുമെന്നും സിനിമയിലെ പലരുടെയും ഉയര്‍ച്ച താഴ്ച്ചകള്‍ കണ്ടതുകൊണ്ടാകാം അതെന്നും അവര്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രീ.

‘അപ്പോഴും ഇപ്പോഴും എപ്പോഴും മമ്മൂക്കയുടെ അടുത്ത് സംസാരിക്കാന്‍ നമുക്ക് ഭയങ്കര പേടിയാണ്. എത്ര കൂട്ടാണെങ്കിലും നമുക്ക് തര്‍ക്കുത്തരമൊന്നും പറയാന്‍ പറ്റില്ല. നമുക്ക് അങ്ങോട്ട് ഇടിച്ച് കയറി മിണ്ടാന്‍ പറ്റാത്ത ഒരാളാണ് മമ്മൂക്കയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

സിനിമ ഒരു മായാലോകമാണ്. എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം, ഇല്ലാതിരിക്കാം. അങ്ങനെ ഇല്ലാതാകുമ്പോള്‍ കാല്‍ ഉറപ്പിക്കാന്‍ വേറൊന്ന് വേണം എന്ന് എന്നെ എപ്പോഴും ഓര്‍മിപ്പിക്കുന്ന ആളാണ് മമ്മൂക്ക. ഇന്ന് സംസാരിച്ചാലും നാളെ സംസാരിച്ചാലും ഒരു മാസം കഴിഞ്ഞ് സംസാരിച്ചാലും ഇക്കാര്യം തന്നെ അദ്ദേഹം നമുക്ക് പറഞ്ഞുതരും.

സിനിമയില്‍ ഇത്രയും കാലം എന്നതുകൊണ്ടും ഒരുപാട് ആളുകളുടെ ഉയര്‍ച്ചയും താഴ്ചയും കണ്ടതുകൊണ്ടുമാകാം അദ്ദേഹം ഇക്കാര്യത്തെ കുറിച്ചെല്ലാം പറഞ്ഞുതരുന്നത്. തെസ്‌നിഖാന്‍ ചേച്ചി ഫ്‌ലാറ്റ് വാങ്ങിയതെല്ലാം മമ്മൂക്ക പറഞ്ഞിട്ടാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. സിനിമയിലെ ബാക്കിയെല്ലാവരും ഹായ് ബൈ പറഞ്ഞുപോകുമ്പോള്‍ എന്തെങ്കിലും ഉണ്ടാക്കണം എന്ന് പറയുന്നത് മമ്മൂക്ക മാത്രമാണ്,’ അനുശ്രീ പറയുന്നു.

Content Highlight: Anusree Talks About Mammootty

We use cookies to give you the best possible experience. Learn more