| Tuesday, 15th July 2025, 5:05 pm

ഇനി എനിക്ക് എന്റെ വഴിയെന്ന ധാരണയില്ല; ഇന്നും അവരുടെ കെയര്‍ ഞാന്‍ ആഗ്രഹിക്കുന്നു: അനുശ്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്നും അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും കെയര്‍ വേണമെന്ന് ആഗ്രഹമുള്ള ആളാണ് താനെന്ന് പറയുകയാണ് നടി അനുശ്രി. അതല്ലാതെ ‘പത്ത് മുപ്പത്തിനാല് വയസായി, ഇനി എനിക്ക് എന്റെ വഴിയെന്ന ധാരണയില്ല’ എന്നും അനുശ്രി പറയുന്നു.

ഒരുപക്ഷെ അവര്‍ പണ്ട് തന്നെ വളരെ കെയര്‍ ചെയ്ത് വളര്‍ത്തിയത് കൊണ്ടായിരിക്കാം ആ ചിന്തയെന്നും എന്നാല്‍ അവര്‍ തന്നെ പുന്നാരിച്ച് കൊണ്ടുനടന്നതൊന്നും തന്റെ ഓര്‍മയില്‍ ഇല്ലെന്നും നടി പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രി.

‘വളരെ ലാളിച്ചിട്ടാണോ എന്നെ വീട്ടുകാര്‍ വളര്‍ത്തിയതെന്ന് എനിക്ക് ഓര്‍മയില്ല. എനിക്ക് നല്ല അടി കിട്ടിയിട്ടുണ്ടാകും (ചിരി). പക്ഷെ അപ്പോഴും ഒരു കാര്യമുണ്ട്. അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും കെയര്‍ വേണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍.

അല്ലാതെ പത്ത് മുപ്പത്തിനാല് വയസായി, ഇനി എനിക്ക് എന്റെ വഴിയെന്ന ധാരണയില്ല. എപ്പോഴും അവരുടെ പെറ്റ് ആയി തന്നെ ഇരിക്കാനാണ് എന്റെ ആഗ്രഹം. ഒരുപക്ഷെ അവര്‍ പണ്ട് എന്നെ വളരെ കെയര്‍ ചെയ്ത് വളര്‍ത്തിയത് കൊണ്ടായിരിക്കാം അത്. അപ്പോഴും അവര്‍ എന്നെ പുന്നാരിച്ച് കൊണ്ടുനടന്നതൊന്നും എന്റെ ഓര്‍മയില്‍ ഇല്ല,’ അനുശ്രി പറയുന്നു.

സിനിമയില്‍ വന്നത് കൊണ്ട് മാത്രം എന്താണ് പഠിച്ചത് എന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി പറഞ്ഞു. ചിരിക്കുന്ന ആളുകളെല്ലാം പാവങ്ങളല്ലെന്ന് പഠിച്ചിട്ടുണ്ടാകാം എന്നാണ് അനുശ്രി പറയുന്നത്.

‘സിനിമയില്‍ വന്നത് കൊണ്ട് മാത്രം എന്താണ് പഠിച്ചതെന്ന് ചോദിച്ചാല്‍, ചിരിക്കുന്ന ആളുകളെല്ലാം പാവങ്ങളല്ലെന്ന് പഠിച്ചിട്ടുണ്ടാകാം. അത് ശരിക്കും ഒരു നാട്ടിന്‍പുറത്തെ ചിന്താഗതി ആണല്ലോ.

അതായത് നമ്മളോട് ചിരിച്ച് മോളേയെന്ന് വിളിച്ച് സംസാരിക്കുന്നതൊക്കെ കാണുമ്പോള്‍ നമ്മള്‍ സന്തോഷിക്കും. അവരെ അച്ഛന്റെ സ്ഥാനത്തോ സഹോദരന്റെ സ്ഥാനത്തോ ആയിരിക്കും കാണുന്നത് എന്ന ചിന്തയിലാണ് ഞാന്‍ വന്നത്.

പക്ഷേ സിനിമയില്‍ നമ്മള്‍ ഒരാളോട് സംസാരിക്കുമ്പോഴും പേഴ്‌സണലി അവരെ ഡീല്‍ ചെയ്യുമ്പോഴും അവര്‍ സംസാരിക്കുന്ന ഓരോ അര്‍ത്ഥങ്ങളും ചിലപ്പോള്‍ വേറെയായിരിക്കാം. അത് മനസിലാക്കാനും അവരോട് അതിനുള്ള മറുപടി പറയാനും എങ്ങനെ നില്‍ക്കണമെന്നും ഞാന്‍ പഠിക്കുന്നത് സിനിമയില്‍ വന്നതിന് ശേഷമായിരിക്കാം.

അതും സിനിമയില്‍ വന്ന ഉടനെ പഠിച്ചു എന്നല്ല ഞാന്‍ പറഞ്ഞത്. സിനിമയില്‍ വന്നപ്പോള്‍ മുതലേ എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കിയത് കൊണ്ടും സംസാരിച്ചത് കൊണ്ടും പതുക്കെ പതുക്കെ പഠിച്ച സാധനം ഒരുപക്ഷെ അതായിരിക്കും,’ അനുശ്രീ പറയുന്നു.


Content Highlight: Anusree Talks About Her Childhood And Parents

We use cookies to give you the best possible experience. Learn more