| Wednesday, 16th July 2025, 10:54 am

രാത്രി എൻ്റെ കോൾ കണ്ടാൽ സാറിന് അറിയാം കരയാൻ വേണ്ടിയാണ് വിളിക്കുന്നതെന്ന്: അനുശ്രീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാൽ ജോസ് സംവിധാനം ഡയമണ്ട് നെക്‌ലെയ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. പിന്നീട് നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. ഇപ്പോൾ സിനിമയിൽ വന്ന ശേഷമുള്ള അനുഭവത്തെക്കുറിച്ച് ജിഞ്ചർ മീഡിയയോട് സംസാരിക്കുകയാണ് നടി.

‘പണ്ട് നമ്മൾ നെഗറ്റീവ് കേൾക്കുന്നതിന്റെ പകുതി പോലും ഇപ്പോൾ കേൾക്കുന്നില്ല എന്നുള്ളതാണ്. ഒരുപക്ഷെ, ഞാൻ സിനിമയിൽ വരുന്ന സമയത്ത് സിനിമയിലേക്ക് ഒരു കുട്ടി പോകുന്നു എന്ന് അറിയുമ്പോൾ ആളുകൾ പലതരത്തിൽ പറയുന്ന കാര്യങ്ങൾ പറയാറുണ്ട്. ഇപ്പോൾ ഒരാൾ സിനിമയിൽ വരുമ്പോൾ ആരും പറയുമെന്ന് തോന്നുന്നില്ല.

ഇപ്പോൾ എല്ലാവരും സിനിമയിൽ പൊയ്‌ക്കോ എന്നാണ് പറയാറുള്ളത്. ഇപ്പോൾ റീൽസ് കണ്ട് ആളുകൾ മനസിലാക്കി ഇതാണ് സിനിമ, ഇങ്ങനെയാണെന്ന് മനസിലാക്കി. അറിയാത്തവരും അത് മനസിലാക്കിയിട്ട് ഇതിന്റെ എൻഡ് എന്നുപറയുന്നത് സിനിമയിൽ അഭിനയിക്കുക എന്നതാണ്. ഇപ്പോൾ എല്ലാവരും പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്. അതുകൊണ്ട് ഞാൻ അന്ന് ചിന്തിച്ചതുപോലെ ഇപ്പോൾ ചിന്തിക്കേണ്ട ആവശ്യമില്ല.

ഞാനൊക്കെ വന്ന സമയത്ത് വളരെ വിഷമം തോന്നുന്ന രീതിയിലൊക്കെ പല കാര്യങ്ങളും കേൾക്കുമ്പോൾ എനിക്കത് ആരുടെ അടുത്താണ് പറയേണ്ടതെന്ന് അറിയില്ല. എന്റെ കൂട്ടുകാർക്കൊക്കെ എങ്ങനെ എന്നെ ആശ്വസിപ്പിക്കുക എന്ന് അറിയില്ല. ഇപ്പോൾ ഉള്ള പല കൂട്ടുകാരും അന്ന് എന്റെ കൂടെയായിട്ടില്ല. അന്ന് എനിക്ക് പറയാൻ പറ്റുന്ന ഒരേ ഒരാൾ ലാൽ ജോസ് സാറാണ്. രാത്രി ഒരു ഒമ്പത് മണിയൊക്കെ ആകുമ്പോൾ എന്റെ ഫോൺ കോൾ ചെയ്യുകയാണെങ്കിൽ സാറിന് ഉറപ്പാണ് ഞാൻ കരയാൻ വേണ്ടി വിളിക്കുന്നതാണെന്ന്. കാരണം എനിക്ക് എവിടെയെങ്കിലും കരയണമല്ലോ.

വീട്ടുകാരുടെ മുന്നിൽ കരഞ്ഞിട്ടുണ്ടെങ്കിൽ ഇത്ര സങ്കടമാണെങ്കിൽ പോകണ്ട എന്ന് പറയും. വീടിന്റെ ബാക്കിൽ അലക്കുകല്ല് ഉണ്ട്. അതാണ് സങ്കടം മാറ്റുന്ന സ്‌പോട്ട്. അവിടെ ചെന്നിട്ട് സാറിനെ വിളിക്കണം. അപ്പോൾ സാറ് പറയും ‘നീ വെയിറ്റ് ചെയ്യ്. തുടങ്ങിട്ടല്ലേ ഉള്ളൂ. സമയമെടുക്കും. കുറച്ച് കൂടി മുന്നോട്ട് പോകുമ്പോൾ ഒരു കാലം വരും’ എന്ന്. അത് സത്യമാണ്. ഇപ്പോൾ ആരും കുറ്റം പറയാറില്ല,’ അനുശ്രീ പറയുന്നു.

Content Highlight:  Anusree talking about Film Experience

We use cookies to give you the best possible experience. Learn more