| Monday, 14th July 2025, 3:09 pm

സിനിമയില്‍ നമ്മളോട് ചിരിച്ച് സംസാരിക്കുന്നവരൊക്കെ പാവങ്ങളല്ല: അനുശ്രീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് മലയാളസിനിമക്ക് സമ്മാനിച്ച നായികമാരില്‍ ഒരാളാണ് അനുശ്രീ. 2012ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് അനുശ്രീ സിനിമാലോകത്തേക്ക് കടന്നുവന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇതിഹാസ, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ അനുശ്രീയുടെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കി.

ചെറിയ സമയത്തിനുള്ളില്‍ തന്നെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയാകാന്‍ നടിക്ക് സാധിച്ചു.സിനിമയില്‍ വന്നതുകൊണ്ട് മാത്രം താന്‍ പഠിച്ച കാര്യമെന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനുശ്രീ.

ചിരിച്ച് സംസാരിക്കുന്ന ആളുകളെല്ലാം പാവങ്ങളല്ല എന്ന കാര്യം പഠിച്ചുവെന്ന് നടി പറയുന്നു. നമ്മളോട് സംസാരിക്കുന്നവര്‍ ചിലപ്പോള്‍ പറയുന്നത് മറ്റ് അര്‍ത്ഥങ്ങളിലായിരിക്കുമെന്നും അത് മനസിലാക്കാനും അവരോട് മറുപടി പറയാനുമൊക്കെ താന്‍ പഠിച്ചത് സിനിമയില്‍ വന്നതിന് ശേഷമാണെന്നും അനുശ്രി പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരന്നു അവര്‍.

‘ ചിരിക്കുന്ന ആളുകളെല്ലാം പാവങ്ങളല്ല എന്ന് ചിലപ്പോള്‍ പഠിച്ചിട്ടുണ്ടാകും. അതും ഒരു നാട്ടിന്‍ പുറം ചിന്താഗതിയാണ്. നമ്മളോട് ആ മോളെ എന്ന് പറഞ്ഞ് ചിരിച്ച് സംസാരിക്കുന്ന ആളുകളെയൊക്കെ നമ്മള്‍ പെട്ടന്ന് സ്‌നേഹിക്കും. അവരെ അച്ഛന്റെ സ്ഥാനത്തോ ബ്രദറിന്റെ സ്ഥാനത്തോ ആയിരിക്കും കാണുന്നത്. പക്ഷേ സിനിമയില്‍ നമ്മള്‍ ഒരാളോട് സംസാരിക്കുമ്പോള്‍, പേര്‍സണലി ഡീല്‍ ചെയ്യുമ്പോള്‍ അവര്‍ സംസാരിക്കുന്ന ഒരോ അര്‍ത്ഥങ്ങളും ചിലപ്പോള്‍ വേറെയായിരിക്കും.

അത് മനസിലാക്കാനും അവരോട് അതിനുള്ള മറുപടി പറയാനുമൊക്കെ പഠിച്ചത് ഒരു പക്ഷേ സിനിമയില്‍ വന്നതിന് ശേഷമാണ്. അത് സിനിമയില്‍ വന്ന ഉടനെ പഠിച്ചതല്ല. വന്നപ്പോള്‍ മുതലെ എന്റെ കാര്യങ്ങള്‍ ഞാന്‍ നോക്കിയിരുന്നത് കൊണ്ടും സംസാരിച്ചിരുന്നത് കൊണ്ടും പതുക്കെ പതുക്കെ പഠിച്ചത് അതായിരിക്കും,’ അനുശ്രീ പറയുന്നു.

Content Highlight: Anusree says that  Not everyone who laughs at us in the movies  are not poor.

We use cookies to give you the best possible experience. Learn more