| Sunday, 8th November 2026, 9:40 am

എപ്പോഴും കഥ മുഴുവന്‍ കേള്‍ക്കണമെന്നാണ് എന്റെ ആവശ്യം, ഫുള്‍ സ്‌ക്രിപ്റ്റ് കേള്‍ക്കാതെ ചെയ്ത ഒരൊറ്റ സിനിമയേയുള്ളൂ: അനുശ്രീ

അമര്‍നാഥ് എം.

ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിമാരിലൊരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലെയ്‌സിലൂടെ കരിയറാരംഭിച്ച അനുശ്രീ ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. നായികയായി മാത്രം വേഷമിടാതെ ക്യാരക്ടര്‍ റോളുകളില്‍ അനുശ്രീ തിളങ്ങിയിട്ടുണ്ട്. അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന പ്രേംപാറ്റയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

സിനിമ തെരഞ്ഞെടുക്കുന്ന സമയത്തുള്ള തന്റെ നിബന്ധനകളെക്കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. ആരുടെ സിനിമയാണെങ്കിലും കഥ മുഴുവന്‍ കേള്‍ക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്ന് താരം പറഞ്ഞു. തന്റെ ക്യാരക്ടറെന്താണെന്നും തനിക്കുള്ള സീന്‍ എന്തൊക്കെയാണെന്നും മാത്രം പറഞ്ഞാല്‍ പോരെന്ന് അനുശ്രീ കൂട്ടിച്ചേര്‍ത്തു.

തന്റെ പോര്‍ഷന്‍ മാത്രം ചെയ്തിട്ട് പോയാല്‍ മതിയെന്ന പറഞ്ഞാല്‍ അതുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും താരം പറയുന്നു. കഥയില്‍ പിന്നെ എന്താക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയണമെന്നും അക്കാര്യത്തില്‍ വലിയ നിര്‍ബന്ധമുണ്ടെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഫുള്‍ സ്‌ക്രിപ്റ്റില്‍ എന്തൊക്കെയുണ്ടെന്ന് എനിക്ക് അറിയണം. അല്ലാതെ ഒരു പടവും ചെയ്യില്ല. പക്ഷേ, ഒരൊറ്റ സിനിമക്ക് വേണ്ടി അത് മാറ്റേണ്ടി വന്നു. മഹേഷിന്റെ പ്രതികാരമായിരുന്നു ആ പടം. കഥ പറഞ്ഞു എന്നല്ലാതെ സ്‌ക്രിപ്‌റ്റൊന്നും കറക്ടായി ഇല്ലാതെയാണ് ആ പടം ചെയ്തത്. ‘ഈ സിനിമയുടെ ട്രീറ്റ്‌മെന്റ് ഇങ്ങനെയാണ്. അത് എനിക്ക് ഓക്കയായിരുന്നു.

സ്‌ക്രിപ്റ്റിന്റെ ഓരോ പോര്‍ഷനും അതാത് സമയത്ത് പറഞ്ഞുതരും. ഡയലോഗിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ദിലീഷ് പോത്തന്റെ സ്‌റ്റൈല്‍ അങ്ങനെയാണ്. ആ സിനിമയില്‍ അഭിനയിച്ച എല്ലാവരുടെ എക്‌സ്പീരിയന്‍സും അങ്ങനെയാണ്. ആ ഒരു സിനിമ മാത്രമാണ് ഫുള്‍ സ്‌ക്രിപ്റ്റ് കേള്‍ക്കാതെ ചെയ്ത ഒരേയൊരു സിനിമ,’ അനുശ്രീ പറയുന്നു.

ആയിഷ, ഇ.ഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേംപാറ്റ. ജോമോന്‍ ജ്യോതിറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, രാജേഷ് മാധവന്‍, ജുനൈസ് വി.പി, സാഫ് ബോയ് എന്നിവരാണ് പ്രേംപാറ്റയിലെ പ്രധാന താരങ്ങള്‍. നവംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Anusree saying she did Maheshinte Prathikaram without hearing full script

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more