| Tuesday, 7th April 2026, 5:00 pm

അന്ന് പി.കെയില്‍ ആള്‍ദൈവങ്ങളെ തുറന്നുകാട്ടി, ഇന്ന് പ്രൊപ്പഗണ്ട സിനിമക്ക് കൈയടിക്കുന്നു, ധുരന്ധര്‍ 2 റിവ്യൂവിന് പിന്നാലെ അനുഷ്‌ക ശര്‍മക്ക് ട്രോള്‍

അമര്‍നാഥ് എം.

ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ. ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ അനുഷ്‌ക മികച്ച സിനിമകളുടെ ഭാഗമായിക്കൊണ്ട് വലിയൊരു ഫാന്‍ബേസ് സൃഷ്ടിച്ചു. വിരാട് കോഹ്‌ലിയുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന അനുഷ്‌ക ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 കണ്ടതിന്റെ റിവ്യൂ അനുഷ്‌ക ശര്‍മയും പങ്കാളി വിരാട് കോഹ്‌ലിയും പങ്കുവെച്ചതാണ് ചര്‍ച്ചയായത്. ചിത്രത്തെ പുകഴ്ത്തിക്കൊണ്ടാണ് അനുഷ്‌ക തന്റെ റിവ്യൂവില്‍ സംസാരിച്ചത്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഒരുക്കാന്‍ വല്ലാത്ത കണ്‍വിക്ഷന്‍ വേണമെന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ ആദിത്യ ധറിനെ പുകഴ്ത്തിക്കൊണ്ടാണ് റിവ്യൂ ആരംഭിച്ചത്.

അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും പങ്കുവെച്ച റിവ്യൂ Photo: Daksh/ X.com

ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമാണ് ഇതെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ നായകനായ രണ്‍വീര്‍ സിങ്ങിനെയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാകേഷ് ബേദിയെയും പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച എല്ലാവരെയും പ്രശംസിച്ചുകൊണ്ടാണ് റിവ്യൂ അവസാനിപ്പിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിവ്യൂ പങ്കുവെച്ചത്.

എന്നാല്‍ ഇത്തരമൊരു പ്രൊപ്പഗണ്ട ചിത്രത്തെ പുകഴ്ത്തിയതോടെ അനുഷ്‌കയെ വിമര്‍ശിച്ച് ഒരുകൂട്ടമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് ഇപ്പോള്‍ ശരിക്കും ഏകാധിപതികളുടെ കൈയിലായതിന്റെ അവസാന തെളിവാണ് ഈ റിവ്യൂ എന്ന് പലരും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടു.

12 വര്‍ഷം മുമ്പ് ആള്‍ദൈവങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ പി.കെയില്‍ നായികയായ അനുഷ്‌ക ശര്‍മ തന്നെയാണോ ഇന്ന് പ്രൊപ്പഗണ്ട സിനിമക്ക് കൈയടിക്കുന്നതെന്നും ചോദ്യങ്ങളുണ്ട്. നാല് വര്‍ഷം മുമ്പ് പാതാള്‍ ലോക് എന്ന സീരീസ് നിര്‍മിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് അനുഷ്‌ക കടുത്ത സൈബറാക്രമണം നേരിട്ടത് വലിയ വാര്‍ത്തയായിരുന്നു.

യു.കെയില്‍ താമസിക്കുന്ന വിരാടിനും അനുഷ്‌കക്കും ഇന്ത്യയിലെ ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം മനസിലാകില്ലെന്നും അതിനാലാണ് ധുരന്ധര്‍ പോലുള്ള സിനിമകള്‍ അവര്‍ക്ക് ലോകോത്തരമാകുന്നതെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. എന്നാല്‍ പണ്ട് അനുഷ്‌കക്ക് രാജ്യസ്‌നേഹമില്ലെന്ന് വാദിച്ച സംഘപരിവാര്‍ ഐ.ഡികള്‍ താരത്തിന്റെ ഇപ്പോഴത്തെ രാജ്യസ്‌നേഹത്തെ അഭിനന്ദിക്കുന്നുമുണ്ട്.

ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ 2 ബി.ജെ.പി ഗവണ്മെന്റിനെ ബൂസ്റ്റ് ചെയ്യുന്ന പ്രൊപ്പഗണ്ട ചിത്രമാണെന്ന് റിലീസ് ദിവസം മുതല്‍ക്ക് തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞദിവസം നരേന്ദ്ര മോദി ഇലക്ഷന്‍ പ്രചരണത്തിനിടെ ധുരന്ധര്‍ 2നെ പലരും വിമര്‍ശിക്കുന്നതില്‍ നീരസം പ്രകടിപ്പിച്ചത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlight: Anushka Sharma getting criticisms after praising Dhurandhar 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more