2025ല്‍ ഇറങ്ങിയ മിക്ക സിനിമകളും പരാജയമാണെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസ്താവനക്കെതിരെ സംവിധായകന്‍ അനുരാജ് മനോഹര്‍. സിനിമകള്‍ എല്ലാം പരാജയമെന്ന് വിളിച്ച് കൂവുന്നവര്‍ കടയ് ക്കല് കത്തി വെക്കുകയാണെന്നും താന്‍ സംവിധാനം ചെയ്ത നരിവേട്ട ലാഭം നേടിയ സിനിമയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2025 ഇറങ്ങിയ 83 ചിത്രങ്ങളില്‍ 15 ചിത്രങ്ങള്‍ മാത്രമാണ് ലാഭം നോടിയതെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞത്. ഇതിനെതിരെയാണ് അനുരാജ് പോസ്റ്റ് പങ്കുവെച്ചത്.
താന്‍ സംവിധാനം ചെയ്ത്, ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ടയെന്നും ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസര്‍മാരെയെല്ലാം സമീപിച്ചപ്പോള്‍ അവര്‍ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ടയെന്നും അനുരാജ് കുറിപ്പില്‍ പറഞ്ഞു.
സിനിമ ഇറങ്ങി മാസങ്ങള്‍ക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ വര്‍ഷാവസാന വിധിയില്‍ ഈ വര്‍ഷം പതിനഞ്ച് സിനിമകള്‍ മാത്രമാണ് ലാഭകരമായി തീര്‍ന്നത് എന്നതാണ് വിധിയെന്നും
ഈ വിധിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ ഒരു വ്യവസായം കൂടെയാണെന്നും സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവര്‍ ഇതിന്റെ കടയ്ക്കല്‍ കത്തി വെക്കുകയാണെന്നുെ അനുരാജ് മനോഹര്‍ കൂട്ടിച്ചേര്‍ത്തു.
അനുരാജ് മനോഹറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസര്‍മാരെയെല്ലാം സമീപിച്ച,അവര്‍ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട
ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ പ്രൊഡ്യൂസര്‍മാരെ തേടിയുള്ള അലച്ചില്‍ സ്വാഭാവികമാണെന്നുള്ള ബോധ്യത്തില്‍ ആ സിനിമയോടുള്ള ഇഷ്ടത്തില്‍ നടന്ന തേടലില്‍ ആണ് ഇന്ത്യന്‍ സിനിമ കമ്പനി സിനിമ ചെയ്യാന്‍ തയ്യാറാവുന്നത്.
അവരുടെ ആദ്യ നിര്‍മ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങള്‍ക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ വര്‍ഷാവസാന വിധിയില്‍ ഈ വര്‍ഷം പതിഞ്ച് സിനിമകള്‍ മാത്രമാണ് ലാഭകരമായി തീര്‍ന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
സിനിമ ഒരു വ്യവസായം കൂടെയാണ് ,സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവര്‍ ഇതിന്റെ കടയ്ക്കല്‍ കത്തി വെക്കുകയാണ്.
പുതിയ പ്രൊഡ്യൂസര്‍മാര്‍ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളില്‍ ഭരിച്ച് നിര്‍ത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഏതാണ്ട് വൈക്കോല്‍ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ ”തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”
ഇന്ത്യന്‍ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ ഞങ്ങള്‍ തയ്യാറുമാണ്. ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതെ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവര്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് സിനിമയില്‍ വിരളമായി സംഭിക്കുന്ന ഒന്നാണ്.
അത്തരമൊരു സന്ദര്‍ഭത്തില് ഞങ്ങള്‍ അടുത്ത സിനിമയുടെ ആലോചനയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്. ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല,നടന്നു തയഞ്ഞ ചെരുപ്പുകളും, വിയര്‍ത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ ചവിട്ടി മെതിക്കരുത്
Content Highlight: Anuraj Manohar has opposed the Producers Association’s statement that most films released in 2025 are failures