അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് നിഷാഞ്ചി. ഇപ്പോൾ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിനെ നായകനാക്കി ഇതേ പ്രൊജക്ട് താൻ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്ന് അനുരാഗ് കശ്യപ് പറയുന്നു. സുഷാന്തിനെയായിരുന്നു നിഷാഞ്ചി എന്ന സിനിമയിൽ നായകനാക്കാൻ താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിൽ നിന്ന് ചിത്രങ്ങൾ വന്നതിന് ശേഷം സുശാന്ത് തന്നോട് സംസാരിക്കുന്നത് പോലും നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മറ്റൊരു അഭിമുഖത്തിൽ YRF പ്രൊഡക്ഷൻസിന്റെ ശുദ്ധ് ദേശി റൊമാൻസ് എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടി തന്റെ പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന ഹസീ തോ ഫസീയിൽ നിന്ന് സുശാന്ത് പിന്മാറിയതായി അനുരാഗ് പറഞ്ഞിരുന്നു.
‘നിഷാഞ്ചി എന്ന സിനിമയെ കുറിച്ച് ഒരുപാട് താരങ്ങൾക്ക് അറിയാമായിരുന്നു. പലരുമായും ഞാൻ ചർച്ച നടത്തിയിരുന്നു. അവർക്കൊക്കെ ആ സിനിമ ചെയ്താൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് അവരാരെയും ഇഷ്ടപ്പെട്ടില്ല. എന്റെ മനസിലുള്ള കഥാപാത്രങ്ങൾക്ക് വേറെ മുഖമായിരുന്നു. ഒരു സമയം കഴിഞ്ഞപ്പോൾ സുശാന്തിനെ വെച്ച് ചെയ്താൽ കൊള്ളാമെന്ന് എനിക്ക് തോന്നി.
സുശാന്ത് വന്നാൽ നന്നാകുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞങ്ങൾ ഈ സിനിമയെ കുറിച്ച് സംസാരിച്ചതുമാണ്. എന്നാൽ ആ സമയത്ത് സുശാന്തിന് ധർമ പ്രൊഡക്ഷൻസിൽ നിന്ന് ദിൽ ബെചര, ഡ്രൈവ് തുടങ്ങിയ രണ്ട് വലിയ സിനിമ ലഭിച്ചു. പിന്നീട് എന്റെ സിനിമ പാതിവഴിയിൽ ആയി. അതിനെ കുറിച്ച് അദ്ദേഹം ഒന്നും സംസാരിച്ചില്ല. പയ്യപ്പയ്യെ എന്നോട് സംസാരിക്കുന്നത് തന്നെ അദ്ദേഹം അവസാനിപ്പിച്ചു,’ അനുരാഗ് കശ്യപ് പറയുന്നു.
2016ൽ പുറത്തിറങ്ങിയ എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ഇത്.
Content Highlight: Anurag Kashyap says Sushant Sing Rajput stopped talking to him when he got two films with Karan Johar