| Sunday, 31st August 2025, 10:10 pm

സുബ്രഹ്‌മണ്യപുരം പോലെ ആ തമിഴ് സിനിമയും ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍ ചെയ്യാന്‍ എന്നെ ഇന്‍സ്പയര്‍ ചെയ്തു: അനുരാഗ് കശ്യപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് അനുരാഗ് കശ്യപ്. ഹിന്ദിയില്‍ ഒരുപിടി മികച്ച ക്ലാസിക്കുകള്‍ അനുരാഗ് അണിയിച്ചൊരുക്കി. ബ്ലാക്ക് ഫ്രൈഡേ, നോ സ്‌മോക്കിങ്, ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്നുണ്ട്.

അഭിനേതാവെന്ന നിലയിലും അനുരാഗ് വിസ്മയിപ്പിച്ചിട്ടുണ്ട്. തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് അനുരാഗ് ഞെട്ടിച്ചു. ഈയിടെ ബോളിവുഡില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണെന്നും സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മാത്രമേ ഭാഗമാകുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. സൗത്ത് ഇന്ത്യയില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകരെക്കുറിച്ച് സംസാരിക്കുകയാണ് അനുരാഗ് കശ്യപ്.

തമിഴ് സംവിധായകന്‍ ബാലയുടെ സിനിമകള്‍ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. നന്ദ, പിതാമകന്‍, സേതു എന്നീ സിനിമകളെല്ലാം തനിക്ക് വല്ലാത്ത അനുഭവമാണ് സമ്മാനിച്ചതെന്നും മികച്ച സിനിമകളാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.

‘ബാലയുടെ സിനിമകളെല്ലാം വല്ലാത്തൊരു ഫീലാണ് സമ്മാനിക്കുന്നത്. അതില്‍ തന്നെ നാന്‍ കടവുള്‍ എന്ന പടം എന്നെ വല്ലാതെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. ഞാന്‍ ജനിച്ചുവളര്‍ന്ന നാടിന്റെ മറ്റൊരു മുഖമാണ് ആ സിനിമയില്‍ ബാല ചിത്രീകരിച്ചത്. സ്വാഭാവികമായും ആ സിനിമ എന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു.

നാന്‍ കടവുളിനെപ്പോലെ സുബ്രഹ്‌മണ്യപുരവും എന്നെ അത്ഭുതപ്പെടുത്തിയ തമിഴ് സിനിമകളാണ്. ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍ ചെയ്യാന്‍ എനിക്ക് പ്രചോദനമായത് ഈ സിനിമകളൊക്കെയാണ്. റിജീയണല്‍ സിനിമകളില്‍ ഇത്തരം റൂട്ടഡായിട്ടുള്ള കഥകള്‍ എനിക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ പറ്റും.

കുട്ടിക്കാലത്ത് ഞാന്‍ കണ്ടതും കേട്ടതുമായ സംഭവങ്ങളെല്ലാം മനസില്‍ ഇപ്പോഴും രജിസ്റ്ററായി കിടപ്പുണ്ട്. അതുകൊണ്ട് മറ്റ് ഭാഷകളിലെ ഇത്തരം റൂട്ടഡായിട്ടുള്ള കഥകള്‍ എനിക്കും പ്രചോദനമാകും. അതെല്ലാം തന്നെയാണ് ഫിലിം മേക്കറെന്ന നിലയില്‍ മുന്നോട്ടുപോകാനുള്ള ഊര്‍ജം,’ അനുരാഗ് കശ്യപ് പറയുന്നു.

Content Highlight: Anurag Kashyap saying Naan Kadavul movie inspired him for Gangz of Wazeyour

We use cookies to give you the best possible experience. Learn more