| Monday, 22nd December 2025, 11:01 am

ചുമ്മാ വെടികൊണ്ട് മരിക്കാന്‍ വന്നതല്ല, രജിനികാന്തിനെപ്പോലെയാകാന്‍ വേണ്ടി ലിയോയില്‍ അഭിനയിച്ച അനുരാഗ് കശ്യപ്

അമര്‍നാഥ് എം.

ബോളിവുഡിലെ മുന്‍നിരസംവിധാകരിലൊരാളായ അനുരാഗ് കശ്യപിന് കേരളത്തിലും ആരാധകരേറെയാണ്. സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ച അനുരാഗ് കശ്യപ് കഴിഞ്ഞ കുറച്ചുകാലമായി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ നല്‍കുകയാണ്. 2023ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ലിയോയിലും അനുരാഗ് കശ്യപിന്റെ സാന്നിധ്യമുണ്ടായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ അനുരാഗിന്റെ കഥാപാത്രം ആകെ രണ്ട് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരാധകര്‍ക്ക് വലിയ നിരാശയായിരുന്നു ഇത് സമ്മാനിച്ചത്. ലോകേഷിന്റെ സിനിമയില്‍ വെറുതേ മരിക്കുന്ന കഥാപാത്രമായാലും ചെയ്യണമെന്ന് അനുരാഗ് കശ്യപ് ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് ഇത്തരമൊരു വേഷം അദ്ദേഹത്തിന് നല്‍കിയത്.

അനുരാഗ് കശ്യപ് Photo: Screen grab/ Galatta plus

എന്നാല്‍ ലിയോയിലെ കഥാപാത്രം അനുരാഗ് കശ്യപ് ചെയ്തതിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. കഴിഞ്ഞദിവസം ഗലാട്ടാ പ്ലസ് സംഘടിപ്പിച്ച റൗണ്ട് ടേബിളിലാണ് അനുരാഗ് കശ്യപ് ഈ രഹസ്യം പറഞ്ഞത്. രജിനികാന്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ലിയോയിലെ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.

രജിനിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതെന്ന ചോദ്യത്തിന് റൗണ്ട് ടേബിളിലുണ്ടായിരുന്ന മറ്റ് സംവിധായകര്‍ പറഞ്ഞ ഉത്തരങ്ങള്‍ ബാഷ, പടയപ്പ, അരുണാചലം എന്നിവയായിരുന്നു. എന്നാല്‍ അനുരാഗിന്റെ ഇഷ്ടപ്പെട്ട രജിനി ചിത്രം 1985ല്‍ പുറത്തിറങ്ങിയ ഗെരഫ്താറാണ്. അമിതാഭ് ബച്ചന്‍ നായകനായ ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ ആയാണ് രജിനി വേഷമിട്ടത്.

‘എനിക്ക് രജിനി സാറിന്റെ സ്‌മോക്കിങ് സ്‌റ്റൈല്‍ വളരെ ഇഷ്ടമാണ്. അദ്ദേഹം സിഗരറ്റ് വലിക്കുന്ന സ്‌റ്റൈല്‍ മറ്റാര്‍ക്കും അനുകരിക്കാനാകില്ല. ഗെരഫ്താറിലെ സ്‌മോക്കിങ് സീന്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഇന്‍ട്രോയില്‍ തന്നെ സ്‌റ്റൈലിഷായിട്ടുള്ള സ്‌മോക്കിങ് സീന്‍ ഒരെണ്ണമുണ്ട്. ആ സിനിമയില്‍ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ മരിക്കുന്നുണ്ട്. മരിക്കുമ്പോഴും ആ ക്യാരക്ടര്‍ ചുണ്ടില്‍ സിഗരറ്റ് കത്തിച്ചുകൊണ്ടാണ് മരിക്കുന്നത്. ലിയോയില്‍ എന്റെ ക്യാരക്ടര്‍ മരിക്കുമ്പോള്‍ ബീഡി വലിക്കുന്നത് രജിനി സാറില്‍ നിന്ന് ഇന്‍സ്പയറായതാണ്,’ അനുരാഗ് കശ്യപ് പറയുന്നു.

അമിതാഭ് ബച്ചനൊപ്പം കമല്‍ ഹാസനും ഗെരഫ്താറില്‍ ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. 25 മിനിറ്റ് മാത്രമുള്ള ഹുസൈന്‍ എന്ന കഥാപാത്രത്തെയാണ് രജിനി അവതരിപ്പിച്ചത്. നാല് പതിറ്റാണ്ട് മുമ്പ് ചെയ്ത വേഷം ഇന്നും പലരെയും പ്രചോദിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ലോകേഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലിയോ. ചിത്രത്തില്‍ വിജയ്‌യുടെ ഫ്‌ളാഷ്ബാക്ക് രംഗത്തിലാണ് അനുരാഗ് കശ്യപ് വേഷമിട്ടത്. ഡാനിയല്‍ എന്ന കഥാപാത്രം ഒരുപാട് ചര്‍ച്ചയായി മാറി. ആ കഥാപാത്രത്തിന് പ്രചോദനമായത് രജിനികാന്ത് ആണെന്നത് ഇപ്പോള്‍ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Content Highlight: Anurag Kashyap saying his character in Leo was inspired from Rajnikanth in Geraftaar

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more