സിനിമാപ്രേമികള്‍ക്ക് ആസ്വദിക്കാന്‍ ഒരുപിടി മികച്ച സിനിമകളൊരുക്കിയ സംവിധായകനാണ് അനുരാഗ് കശ്യപ്. ഗ്യാങ്സ്റ്റര്‍ സിനിമകള്‍ക്ക് പുതിയൊരു കാഴ്ച സമ്മാനിച്ച ഗ്യാങ്‌സ് ഓഫ് വസേപൂര്‍ അടക്കം അനുരാഗ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ക്ലാസിക്കാണ്. അഭിനയരംഗത്തും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
ബോളിവുഡിലെ താരങ്ങളുടെ പ്രമാദിത്വത്തിനെതിരെ പലപ്പോഴും ശബ്ദമുയര്‍ത്തിയ അനുരാഗ് കശ്യപ് അടുത്തിടെ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. തനിക്ക് ബോളിവുഡ് മടുത്തെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബോളിവുഡില്‍ തനിക്ക് മാത്രമല്ല, പലര്‍ക്കും സര്‍വൈവ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറയുകയാണ് അദ്ദേഹം. മലയാളത്തില്‍ സംവിധായകന്‍, നടന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ബേസിലിന് പോലും ബോളിവുഡില്‍ സര്‍വൈവ് ചെയ്യാനായില്ലെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ചലച്ചിത്ര ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള മനോരമ അവാര്‍ഡിന്റെ ഇടയില്‍ ഞാന്‍ ബേസിലിനെ കണ്ടിട്ടുണ്ടായിരുന്നു. എന്തൊരു നല്ല അഭിനേതാവാണ് അദ്ദേഹം. അയാളെപ്പോലെ സാധാരണക്കാരനായിട്ടുള്ള ഒരു ഹീറോ, അല്ലെങ്കില്‍ വില്ലന്‍ അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യുന്ന നടനെ ഞാന്‍ വേറെ കണ്ടിട്ടില്ല.
പൊന്മാന്‍ എന്ന പടത്തില്‍ അഭിനയിച്ചയാളാണ് മിന്നല്‍ മുരളി എന്ന പടം സംവിധാനം ചെയ്തതെന്ന് എനിക്ക് വിശ്വസിക്കാനായില്ല. മിന്നല്‍ മുരളിക്ക് ശേഷം വേറെ പടം സംവിധാനം ചെയ്യാത്തത് എന്താണെന്ന് പലരും ചോദിച്ചു. ‘രണ്ട് വര്‍ഷം ശക്തിമാന് വേണ്ടി വേസ്റ്റാക്കി’ എന്നായിരുന്നു അയാളുടെ മറുപടി.
‘നിങ്ങള്‍ എങ്ങനെ ആ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നിന്നു’ എന്നും ബേസില്‍ ചോദിച്ചു. ഇതെല്ലാം കൊണ്ടാണ് ഞാന്‍ അവിടന്ന് മാറിയത്. ഒന്ന് ആലോചിച്ച് നോക്കൂ, രണ്ട് വര്‍ഷം ഒരു സിനിമക്ക് വേണ്ടി ഒരു സംവിധായകനെ പിടിച്ചുവെക്കുക എന്നത് അങ്ങേയറ്റം മോശമാണ്,’ അനുരാഗ് കശ്യപ് പറയുന്നു.
Content Highlight: Anurag Kashyap saying Basil Joseph wasted two years for Shakthiman