സമൂഹത്തിലെ ജാതിവ്യവസ്ഥക്കെതിരെ തന്റെ സിനിമകളിലൂടെ പ്രതിഷേധം അറിയിക്കുന്ന സംവിധായകനാണ് മാരി സെൽവരാജ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളാണ് പരിയേറും പെരുമാളും മാമന്നനും. ശക്തമായ രാഷ്ട്രീയം പറയുന്നതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾക്ക് നിരവധി നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
ഇപ്പോൾ പരിയേറും പെരുമാൾ തനിക്ക് മിസ് ആയ സിനിമയാണെന്ന് പറയുകയാണ് അനുപമ പരമേശ്വരൻ. മാരി സെൽവരാജ് ആ സിനിമയുടെ കഥ പറയാൻ വേണ്ടി വന്നപ്പോൾ തെലുങ്കിൽ താൻ നല്ല ബിസി ആയിരുന്നുവെന്നും അതുകൊണ്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും അനുപമ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരൻ.
‘പരിയേറും പെരുമാൾ എനിക്ക് നല്ല ഇഷ്ടമുള്ള സിനിമയാണ്. അത് എപ്പോൾ കണ്ടാലും എനിക്ക് സങ്കടം വരും. കാരണം അദ്ദേഹം ആ കഥ എന്റെ അടുത്താണ് പറഞ്ഞത്. ആ സമയത്ത് ഞാൻ ഒന്നിലധികം തെലുങ്ക് സിനിമകൾ ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ എനിക്കപ്പോൾ പരിയേറും പെരുമാൾ ചെയ്യാനുള്ള സമയം ഉണ്ടായിരുന്നില്ല.
ഭയങ്കര ടൈറ്റ് ഷെഡ്യൂൾ ആയിരുന്നു. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ ചെയ്തേനെ. ഇപ്പോഴും അതോർക്കുമ്പോൾ എനിക്ക് റിഗ്രെറ്റ് തോന്നും,’ അനുപമ പരമേശ്വരൻ പറഞ്ഞു.
അതിന് ശേഷം ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ എന്ന സിനിമയിലേക്കും തന്നെ വിളിച്ചിരുന്നുവെന്നും അനുപമ കൂട്ടിച്ചേർത്തു. മാമന്നനിൽ ഒരു പ്രധാന വേഷം ആയിരുന്നുവെന്നും അപ്പോഴും തെലുങ്ക് സിനിമയിലെ കമ്മിറ്റ്മെന്റ് കാരണം ചെയ്യാൻ കഴിഞ്ഞില്ലെന്നും നടി കൂട്ടിച്ചേർത്തു.
Content Highlight: Anupama Parameswaran Talks About Peiyerum Perumal Movie