| Thursday, 13th August 2026, 12:05 am

ചില സമയത്ത് റെമോ അടുത്ത ദിവസം അന്യന്‍, അത്രയും ടോക്‌സിക് റിലേഷന്‍ഷിപ്പായിരുന്നു; അനുഭവം പങ്കുവെച്ച് അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി നായകനായി 2015ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരന്‍. തുടര്‍ന്ന് തെലുങ്കിലും തമിഴിലും ശ്രദ്ധേയയായ താരം ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ തിരക്കുള്ള അഭിനേത്രിമാരില്‍ ഒരാളാണ്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങി തമിഴില്‍ വലിയ ഹിറ്റായ ഡ്രാഗണ്‍ എന്ന ചിത്രത്തിലും അനുപമ വേഷമിട്ടിരുന്നു.

ഇപ്പോള്‍ ധന്യ വര്‍മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഉണ്ടായ റിലേഷന്‍ഷിപ്പിനെ കുറിച്ചും ഇതിനെ തുടര്‍ന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അനുപമ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഡ്രാഗണ്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റുകള്‍ക്കോ മറ്റ് പൊതുപരിപാടികള്‍ക്കോ വരാന്‍ സാധിക്കാത്ത ഒരു റിലേഷന്‍ഷിപ്പ് തന്നെ മോശമായി ബാധിച്ചു എന്ന് പറയുകയാണ് അനുപമ. മുന്‍ പങ്കാളിയെ വിക്രം അവതരിപ്പിച്ച അന്യന്‍ സിനിമയിലെ കഥാപാത്രവുമായാണ് താരം ഉപമിച്ചത്.

അനുപമ പരമേശ്വരന്‍. Photo: X.com

‘ഇതിനെ കുറിച്ച് സംസാരിക്കണോ എന്ന് ഞാന്‍ ഒരുപാട് തവണ ആലോചിച്ചതാണ്. പക്ഷേ ആള്‍ക്കാരുടെ ഭാഗത്ത് നിന്നും എന്നോടുള്ള അപ്രോച്ച് കണ്ടിട്ടാണ് സംസാരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചത്. ഒരാള്‍ മോശമായിട്ട് സംസാരിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ നാര്‍സിസ്റ്റിക്ക് അബ്യൂസിലൂടെ നമ്മള്‍ ഇല്ലാതാകുകയാണ് ചെയ്യുന്നത്. അത് എനിക്ക് മനസിലാകാന്‍ ഒരുപാട് സമയമെടുത്തു. നമ്മളെ എങ്ങനെ ട്രാപ്പ് ചെയ്യണമെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അവര്‍ അവരുടെ ഫാമിലിയുടെ മുന്നില്‍ ഒരു രീതിയിലും അല്ലാത്തപ്പോള്‍ മറ്റൊരു രീതിയിലുമാണ് പെരുമാറുക.

ഇവര്‍ പല രീതിയിലും നമ്മളെ കണ്‍ട്രോള്‍ ചെയ്യും. നമ്മളെ കൊണ്ട് തന്നെ നമ്മുടെ ചില്ലകള്‍ വെട്ടിക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ സ്ട്രാറ്റര്‍ജി. നമ്മളറിയാതെ നമ്മുടെ ഡ്രെസിങ് സ്റ്റൈല്‍ തന്നെ മാറിപ്പോകും. നമ്മള്‍ എന്ത് വസ്ത്രമാണ് ധരിക്കേണ്ടത് എന്നതിന് അനുവാദം വാങ്ങാന്‍ ആദ്യം ഫോട്ടോ എടുത്ത് അയച്ചുകൊടുക്കേണ്ടി വരും. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പും ഇത്തരത്തില്‍ അനുവാദം വേണം.

പരിചയപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അയാള്‍ തന്റെ കുടുംബത്തെ എനിക്ക് പരിചയപ്പെടുത്തി നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ വിവാഹത്തെ കുറിച്ചും സംസാരിക്കാന്‍ തുടങ്ങി. ഇത്രയും പെട്ടെന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. എന്നെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്ന എല്ലാവരോടും പറയുകയാണ്, ഞാനാണ് ആ വിവാഹ നിശ്ചയം വേണ്ടെന്ന് വെച്ചത്. അല്ലെങ്കില്‍ ആ വിവാഹം ഒരു ഡിവേഴ്‌സില്‍ കലാശിച്ചേനെ. ഇയാള്‍ വളരെ ചെറുപ്പമാണെന്നും കൂടുതല്‍ സമയം വേണമെന്നും ഉള്ള കാരണത്താല്‍ ഞാന്‍ തന്നെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്,’ അനുപമ പറയുന്നു.

അയാളോട് എന്ത് കാര്യം പറയുകയാണെങ്കിലും ആദ്യം തന്റെ തന്നെ മനസില്‍ പറഞ്ഞ് റിഹേഴ്‌സല്‍ നോക്കേണ്ട വിധത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നുവെന്നും ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാത്ത സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും അനുപമ പറയുന്നു. ഡ്രാഗണ്‍ എന്ന ചിത്രം പ്രൊമോട്ട് ചെയ്യാന്‍ താനെത്താതിരുന്നതും ഈ കാരണത്താലാണെന്ന് അനുപമ പറഞ്ഞു.

‘ എന്തുകൊണ്ടാണ് ഞാന്‍ ഡ്രാഗണ്‍ പ്രൊമോട്ട് ചെയ്യാനെത്താതിരുന്നത്. അത് എന്റെ കരിയറിലെ തന്നെ വലിയ വിജയമാണ്. ഒരാള്‍ എന്നോട് സുഖമാണോ എന്ന് ചോദിച്ചാല്‍ കരഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു ഞാന്‍ അന്ന്. ഒന്നര വര്‍ഷത്തോളമായി ഞാന്‍ ആങ്‌സൈറ്റിയുടെ മെഡിക്കേഷനിലാണ്. ഇത്തരത്തിലൊരാള്‍ കൂടെയുള്ളത് അന്യന്‍ കൂടെയുള്ളത് പോലെയാണ്. ഒരു ദിവസം റെമോ ആണെങ്കില്‍ തൊട്ടടുത്ത ദിവസം അന്യന്‍ ആയിരിക്കും. അത്രയും സ്‌നേഹമായിരിക്കും, ഇങ്ങനെയൊരാളെ കിട്ടിയതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് വരെ ചിന്തിക്കും.

അനുപമ പരമേശ്വരന്‍. Photo: X.com

തൊട്ടടുത്ത ദിവസം അന്യനായിരിക്കും. അത്രയും ബ്രൂട്ടലാണെന്ന് പറഞ്ഞാല്‍ ഒരാള്‍ നിങ്ങളെ കുത്തിക്കൊല്ലുകയാണെങ്കില്‍ പോലും അയാള്‍ തിരിഞ്ഞു നോക്കില്ല. അതിന്റെ അടുത്ത ദിവസം അമ്പിയായിരിക്കും. ഒരു കുട്ടിയെ പോലെ കിടന്ന് കരഞ്ഞ് നമ്മളോട് ക്ഷമ ചോദിക്കും. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് പറയും. ഈ സൈക്കിള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കും. നമുക്ക് ഈ എക്‌സ്ട്രീം വേദന തരുന്ന ആള്‍ തന്നെയാണ് നമ്മുടെ റിലീഫ് എന്നതും ആലോചിക്കണം. ലാസ്റ്റ് സെക്കന്‍ഡ് വരെ നമ്മളുടെ കൂടെയുള്ള ആള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ ആകാന്‍ പറ്റുക എന്ന് എനിക്കറിയില്ല,’ താരം പറഞ്ഞു.

അഭിമുഖത്തിലെ വാക്കുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും അനുപമയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇരുവരും വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അനുപമയുടെ അഭിമുഖം ശ്രദ്ധിക്കപ്പെടുന്നത്.

Content Highlight: Anupama Parameswaran talks about her toxic relationship

Latest Stories

We use cookies to give you the best possible experience. Learn more