| Sunday, 9th November 2025, 3:56 pm

സുഹൃത്തല്ല, അഭ്യുദയകാംക്ഷിയും വഴികാട്ടിയുമാണ് ദുല്‍ഖര്‍: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറമായുള്ള സൗഹൃദത്തെ കുറിച്ച് അനുപമ പറയുന്നു.

ദുല്‍ഖറിനെ തനിക്ക് സുഹൃത്തെന്ന് വിളിക്കാനാവില്ലെന്നും അദ്ദേഹം തന്റെ അഭ്യുദയകാംക്ഷിയും വഴികാട്ടിയുമാണെന്ന് അനുപമ പറയുന്നു. തനിക്ക് ദുല്‍ഖറിനോട് വലിയ ആരാധനയാണെന്നും തന്നെ സഹായിക്കാനായി അദ്ദേഹമുണ്ടാകും എന്നൊരു വിശ്വാസമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘വേറെ സുഹൃത്തുക്കളില്ല. പതിനെട്ടാമത്തെ വയസില്‍ത്തന്നെ നടിയായത് കൊണ്ട് കോളേജ് ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂളിലുണ്ടായിരുന്ന സുഹൃത്തുക്കളുമായാണ് ഇപ്പോഴും കൂട്ടുള്ളത്. അവരൊക്കെ പലനാടുകളില്‍ സെറ്റിലായി. സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ കൂടെ അധികം സമയം ചെലവഴിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. ലൊക്കേഷനില്‍ വരുമ്പോള്‍ എല്ലാവരുമായും സംസാരിക്കുമെന്നല്ലാതെ സൗഹൃദമില്ല. ശരിക്കും സുഹൃത്തുക്കളുണ്ടാവുന്നത് ഭാഗ്യമാണ്,’അനുപമ പറയുന്നു.

താന്‍ ഭാഗമായ മാരി സെല്‍വരാജ് ചിത്രം ബൈസണിനെ കുറിച്ചും അനുപമ സംസാരിച്ചു. മാരി സെല്‍വരാജ് എന്ന സംവിധായകന്റെ വലിയൊരു ആരാധികയാണ് താനെന്നും മുമ്പ് ‘പരിയേറും പെരുമാള്‍’ സിനിമയിലേക്ക് അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും നടി പറഞ്ഞു.

‘അപ്പോള്‍ തെലുങ്കില്‍ സിനിമ ചെയ്യുന്ന തിരക്കിലായിരുന്നു. അങ്ങനെ ആ അവസരം നഷ്ടമായി. കുറേ നാളുകള്‍ കഴിഞ്ഞ് വീണ്ടും അദ്ദേഹത്തിന്റെ ടീം വിളിക്കുകയായിരുന്നു. കബഡി പശ്ചാത്തലത്തില്‍ ധ്രുവ് വിക്രമിനെ നായകനാക്കി സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അപ്പോള്‍ തന്നെ ഞാന്‍ സമ്മതം മൂളി,’ അനുപമ പറയുന്നു.

Content highlight: Anupama Parameswaran talks about her friendship with Dulquer Salmaan

We use cookies to give you the best possible experience. Learn more