| Thursday, 30th April 2026, 9:46 am

ഡെലൂലുവിന്റെ ഒരു വലിയ ഫാനാണ് ഞാൻ; സർവ്വം മായയിൽ ഏറ്റവും മികച്ച പ്രകടനം റിയയുടേത്: അനുപമ പരമേശ്വരൻ

നന്ദന എം.സി

മലയാളികൾ അത്ര പെട്ടന്നൊന്നും മറക്കാത്ത പേരാണ് ഡെലൂലുവിന്റേത്. അഖിൽ സത്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സർവ്വം മായ എന്ന ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഡെലൂലു. നിവിൻ പോളിയും അജു വർഗീസും ഒന്നിച്ചെത്തിയ ചിത്രത്തിൽ ക്യൂട്ട് യക്ഷിയായെത്തിയ ഡെലൂലു പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

സർവ്വം മായ, Photo: JioHotstar

സാധാരണയായി സിനിമകളിൽ കാണുന്ന ഭീകര യക്ഷി സങ്കൽപ്പങ്ങളിൽ നിന്ന് പൂർണമായും വ്യത്യസ്തമായി, മനുഷ്യരെ പേടിപ്പിക്കാത്ത പക്ഷേ മനുഷ്യരെ കണ്ടാൽ തന്നെ പേടിക്കുന്ന ഒരു രസകരമായ കഥാപാത്രമായിരുന്നു ഡെലൂലു. റിയ ഷിബു അതിനെ അത്രയും മനോഹരമായി അവതരിപ്പിച്ചതിനാലാണ് കഥാപാത്രവും പേരും ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.

തിയേറ്റർ റിലീസിനിടെ തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം, പിന്നീട് ഒ.ടി.ടി റിലീസിന് ശേഷവും വലിയ ചർച്ചയായി മാറി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പോലെ തന്നെ റിയ ഷിബുവിന്റെ പ്രകടനവും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടു. മലയാളി പ്രേക്ഷകർക്ക് പുതിയൊരു പ്രിയങ്കരിയായി റിയ മാറിയതും ഈ ചിത്രത്തിലൂടെയാണ്.

ഇപ്പോഴിതാ റിയ ഷിബുവിനെ കുറിച്ച് നടി അനുപമ പരമേശ്വരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ റിയ ഷിബുവിന്റെ വലിയ ആരാധികയാണെന്നും സിനിമ കണ്ട ഉടൻ തന്നെ റിയയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും അനുപമ പറഞ്ഞു. ബിഹൈൻഡ്‌വുഡ്സ് ഗോൾഡ് ഹാൾ ഓഫ് ഫെയിം അവാർഡ് വേദിയിൽ സംസാരിക്കവെയാണ് താരം മനസുതുറന്നത്.

‘സിനിമ കണ്ടപ്പോൾ റിയയുടെ പ്രകടനം അത്രയേറെ ഇഷ്ടമായി. ഉടനെ തന്നെ ഞാൻ മെസേജ് അയച്ചു. എനിക്ക് റിയയെ വളരെ ഇഷ്ടമാണ്,’ എന്നാണ് അനുപമ പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകൾ കേട്ട് വേദിയിലുണ്ടായിരുന്നവരും സോഷ്യൽ മീഡിയയും കൈയടിയോടെയാണ് ഏറ്റെടുത്തത്.

‘ഡെലൂലുവിന്റെ വലിയ ഒരു ഫാനാണ് ഞാൻ. സർവ്വം മമായ കണ്ട് തിയേറ്ററിൽ നിന്നും പുറത്ത് വരുന്നതിന് മുമ്പ് തന്നെ വലിയ ഒരു മെസേജ് ഞാൻ അവൾക്കയച്ചു. കഴിഞ്ഞ വർഷത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ചിത്രമാണ് സർവ്വം മായ. സർവ്വം മായ ടീം ഈ വിജയത്തിന് അർഹരാണ്. അതിലെ ഏറ്റവും മികച്ച പ്രകടനം ഡെലൂലുവയെത്തിയ റിയയുടേതാണ്,’ അനുപമ പറഞ്ഞു.

സർവ്വം മായ, Photo: IMDb

ബിഹൈന്റ് വുഡ് മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം സർവ്വം മായ എന്ന ചിത്രത്തിലൂടെ റിയ ഷിബു വിനാണ് ലഭിച്ചത്. യഥാർത്ഥ ജീവിതത്തിൽ താൻ ഡെലൂലുവിനെ പോലെ തന്നെയാണ് എന്നും, എന്നെ കണ്ടതിന് ശേഷം ആ കഥാപാത്രത്തിന് വേണ്ടി അഖിൽ ചേട്ടൻ ഒരുപാട് വ്യത്യാസം വരുത്തി എന്നും റിയ ഷിബു പറഞ്ഞു.

Content Highlight: Anupama parameswaran talk about Riya shibu

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more