| Thursday, 14th August 2025, 5:06 pm

ഒട്ടും കംഫര്‍ട്ടബിളല്ലാത്ത വസ്ത്രം ധരിച്ചാണ് ആ സിനിമ ഞാന്‍ ചെയ്തത്, ഒരുപാട് പേര്‍ക്ക് എന്നോട് ദേഷ്യം തോന്നി: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് സമ്മാനിച്ച നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലൂടെ കരിയര്‍ ആരംഭിച്ച അനുപമ പിന്നീട് സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയായി മാറി. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഇക്കാലയളവില്‍ താരത്തിന് സാധിച്ചു. അനുപമ പ്രധാനവേഷത്തിലെത്തുന്ന പരാദ റിലീസിന് തയാറെടുക്കുകയാണ്.

തെലുങ്കില്‍ അനുപമ ചെയ്ത ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ടില്ലു സ്‌ക്വയര്‍. സിദ്ധു നായകനായെത്തിയ ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് അനുപമ വേഷമിട്ടത്. ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുയാണ് അനുപമ പരമേശ്വരന്‍. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ടില്ലു സ്‌ക്വയര്‍ എന്നാണ് അനുപമ പറഞ്ഞത്.

‘വളരെ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് ടില്ലു സ്‌ക്വയറില്‍ എന്റെ ക്യാരക്ടര്‍. കൊമേഴ്‌സ്യല്‍ സിനിമകളില്‍ സ്ഥിരം കാണുന്നത് പോലെ ചുമ്മാ നായകന്റെ കൂടെ ഡാന്‍സ് ചെയ്യാനും റൊമാന്‍സിനും വേണ്ടി മാത്രമുള്ള വേഷമായിരുന്നില്ല അത്. അത്തരം വേഷങ്ങള്‍ മോശമാണെന്നല്ല എന്റെ അഭിപ്രായം. ടില്ലു സ്‌ക്വയറിലെ എന്റെ കഥാപാത്രം അങ്ങനെയല്ലെന്ന് മാത്രമേ പറയുന്നുള്ളൂ,’അനുപമ പറഞ്ഞു.

ജീവിതത്തില്‍ ഞാന്‍ എങ്ങനെയാണോ അതിന്റെ നേര്‍ വിപരീതമായിരുന്നു ടില്ലു സ്‌ക്വയറിലെ എന്റെ ക്യാരക്ടര്‍. ഒട്ടും കംഫര്‍ട്ടബിളല്ലാത്ത വസ്ത്രം ധരിച്ചാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. കഥാപാത്രം ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് അത്തരം വസ്ത്രങ്ങള്‍ ഞാന്‍ ധരിച്ചത്. ആ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്ന ‘സോ കോള്‍ഡ് ബോള്‍ഡ്‌നെസ്സ്’ തോന്നിക്കാന്‍ വേണ്ടി മാത്രമായിരുന്നു അത്തരം വസ്ത്രങ്ങള്‍,’ അനുപമ പറഞ്ഞു.

താന്‍ പറയുന്നത് ശരിയാണെന്ന് സിനിമ കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാകുമെന്നും താരം പറയുന്നു. ആ സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഒരുപാട് സമയമെടുത്തെന്നും ഒരു തീരുമാനത്തിലെത്താന്‍ പ്രയാസപ്പെട്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. പരാദയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദി ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു താരം.

‘ആ സിനിമ ചെയ്തതിന്റെ പേരില്‍ ഒരുപാട് പേര്‍ക്ക് എന്നോട് ദേഷ്യം തോന്നി. ആ സിനിമയില്‍ ഞാന്‍ ചെയ്തതൊന്നും അവര്‍ക്ക് ഇഷ്ടമായിട്ടില്ലെന്ന് കമന്റുകള്‍ വായിച്ചപ്പോള്‍ മനസിലായി. ഇതെല്ലാം ഈ ജോലിയുടെ ഭാഗമാണ്. അത്തരം വിമര്‍ശനങ്ങള്‍ ഞാന്‍ വിലക്കെടുക്കുന്നുണ്ട്,’ അനുപമ പരമേശ്വരന്‍ പറയുന്നു.

Content Highlight: Anupama Parameswaran shares the experience of Tillu Square movie

We use cookies to give you the best possible experience. Learn more