ടോക്‌സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടന്ന ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടിയായ അനുപമ പരമേശ്വരൻ. ഒരുപാട് സമയമെടുത്താണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസമാണ് ഇക്കാലയളവിൽ നേരിട്ടതെന്നും അനുപമ പറഞ്ഞു. നാർസിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും താരം വ്യക്തമാക്കുന്നു.
ധന്യ വർമയുമായുള്ള അഭിമുഖത്തിൽ നാർസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയപ്പോൾ തനിക്ക് ജീവിതത്തിൽ ലഭിച്ച തിരിച്ചറിവുകൾ പങ്കുവെക്കുകയാണ് അനുപമ.
അനുപമ പരമേശ്വരൻ. Photo. X.com
തന്റെ ജീവിതാനുഭവങ്ങളുടെ തുറന്നുപറച്ചിൽ എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികൾക്ക് കാരണമാകുമോ എന്ന് ഭയക്കുന്നുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനുപമ.
‘ഈ ഒരു പോയിന്റിൽ ഞാൻ ആരുടെയും വാലിഡേഷന് വേണ്ടി കാത്തുനിൽക്കുന്നില്ല. കാരണം എനിക്കറിയാം ഞാൻ പറയുന്നത് സത്യമാണെന്ന്. ചില സമയങ്ങളിൽ നമ്മുടെ നിശബ്ദതയെ ആളുകൾ മെച്യൂരിറ്റിയായി തെറ്റിദ്ധരിക്കും. എന്നാൽ ചിലപ്പോൾ അത് പേടികൊണ്ടും ആവാം. സമൂഹത്തിൽ ഇപ്പോൾ ഒരുപാട് പ്രശ്നങ്ങൾ നടക്കുന്നുണ്ട്, പക്ഷെ അതിനെക്കുറിച്ചൊന്നും എനിക്ക് വ്യക്തമായ ധാരണയില്ല. എങ്കിലും ഞാൻ അനുഭവിച്ച ഒരു കാര്യത്തിന്റെ ഗൗരവം മനസിലാക്കി, ഈയൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന അഞ്ചു പേരെയെങ്കിലും എനിക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞാൽ അത് നല്ല കാര്യമാണല്ലോ,’ നടി പറഞ്ഞു.
തന്റെ ഈ അനുഭവങ്ങൾ കേട്ട് കുറച്ചുപേരെങ്കിലും നാർസിസിസ്റ്റിക് അബ്യൂസ് എന്താണെന്ന് അറിയാൻ ഇന്റർനെറ്റിൽ സെർച്ച് ചെയ്തിട്ടുണ്ടെങ്കിൽ അത് തന്റെ വിജയമായി കാണുമെന്നും അനുപമ കൂട്ടിച്ചേർത്തു.
‘ഇപ്പോൾ ഞാൻ ഈ സംസാരിക്കുന്ന കാര്യങ്ങൾ കേട്ടിട്ട്, അയ്യോ… ഈ അനുപമ എന്താണ് നാർസിസ്റ്റിക് അബ്യൂസ് എന്നൊക്കെ പറഞ്ഞ് ശല്യപ്പെടുത്തുന്നത് എന്ന് ചിന്തിക്കുന്ന രണ്ടു പേരെങ്കിലും ഇതിനെക്കുറിച്ച് പോയി ഗൂഗിൾ ചെയ്താൽ അല്ലെങ്കിൽ ഈ വിഷയം അവരുടെ അൽഗോരിതത്തിൽ വന്നുപെട്ടാൽ മതി.
അതുമല്ലെങ്കിൽ ഇത് കേൾക്കുന്ന ആരുടെയെങ്കിലും സുഹൃത്തുക്കൾ ഇത്തരത്തിൽ ഒരു ടോക്‌സിക് റിലേഷനിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ, അവരോട് എടീ, നീ അനുപമയുടെ വീഡിയോ കണ്ടിരുന്നോ, നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ അതിനെക്കുറിച്ചൊന്ന് റിസർച്ച് ചെയ്തു നോക്കിക്കൂടെ എന്ന് ചോദിച്ചാൽ, അതിനെ എന്റെ സക്സസ് ആയിട്ടാണ് ഞാൻ കാണുന്നത്,’ അനുപമ പറഞ്ഞു.
യാതൊരുവിധ സ്വാധീനങ്ങളുമില്ലാതെ സ്വയം അധ്വാനിച്ച് ജീവിതത്തിൽ മുന്നേറിയ വ്യക്തി എന്ന നിലയിൽ പരാജയങ്ങളെ പേടിക്കുന്നില്ലെന്നും അനുപമ വ്യക്തമാക്കി
‘എന്റെ സ്റ്റുഡന്റ് ലോൺ എടുത്ത അക്കൗണ്ടിലേക്കാണ് എന്റെ ഫസ്റ്റ് സാലറി വന്നത്. ഞാൻ സീറോയിൽ നിന്നും വന്ന ഒരു വ്യക്തിയാണ്. തിരിച്ച് സീറോയിലേക്ക് പോകാൻ എനിക്ക് വലിയ പേടിയൊന്നുമില്ല,’ അനുപമ പറഞ്ഞു.
അനുപമ പരമേശ്വരൻ. Photo. X.com