ടോക്സിക്ക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടന്ന ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടിയായ അനുപമ പരമേശ്വരൻ. ഒരുപാട് സമയമെടുത്താണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസമാണ് ഇക്കാലയളവിൽ നേരിട്ടതെന്നും അനുപമ പറഞ്ഞു. നാർസിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും താരം വ്യക്തമാക്കുന്നു.
ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ നാർസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയപ്പോൾ തനിക്ക് ജീവിതത്തിൽ ലഭിച്ച തിരിച്ചറിവുകൾ പങ്കുവെക്കുകയാണ് അനുപമ പരമേശ്വരൻ.
അനുപമ പരമേശ്വരൻ. Photo. X.Com
നാർസിസിസ്റ്റിക് സ്വഭാവമുള്ളവർ പുരുഷന്മാർ മാത്രമല്ലെന്നും, കുടുംബത്തിലോ തൊഴിലിടങ്ങളിലോ ഉള്ള ആരുമാകാമെന്നും അനുപമ പരമേശ്വരൻ പറയുന്നു. ഇത്തരം ആളുകളെ തിരിച്ചറിഞ്ഞാൽ അവരെ മാറ്റാൻ ശ്രമിക്കുന്നതിന് പകരം ആ സാഹചര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് വേണ്ടതെന്നും താരം വ്യക്തമാക്കി.
‘പുരുഷന്മാർ മാത്രമല്ല നാർസിസിസ്റ്റുകൾ ആകുന്നത്. അത് നിങ്ങളുടെ അച്ഛനോ അമ്മയോ സഹോദരങ്ങളോ മക്കളോ അല്ലെങ്കിൽ നിങ്ങളുടെ ബോസ് പോലുമോ ആകാം. കാരണം തൊഴിലിടങ്ങളിലെ നാർസിസിസ്റ്റുകൾ നമ്മളെ ഒരിക്കലും വളരാൻ അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം ആളുകളെ നിങ്ങൾ തിരിച്ചറിയുന്ന ആ നിമിഷം തന്നെ അവരെ തിരുത്താൻ ശ്രമിക്കരുത്, കാരണം അവർ ഒരിക്കലും നേർവഴിക്ക് വരില്ല. ജസ്റ്റ് റൺ, ആ സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ തന്നെ ശ്രമിക്കണം,’ എന്ന് അനുപമ പരമേശ്വരൻ പറഞ്ഞു.
മാറ്റം പ്രതീക്ഷിച്ച് നാർസിസിസ്റ്റിക് സ്വഭാവമുള്ള വ്യക്തികൾക്കൊപ്പം തുടരുന്നത് ട്രോമ ബോണ്ടിംഗിലേക്ക് നയിക്കാമെന്നും അനുപമ ചൂണ്ടിക്കാട്ടുന്നു. അവർ സ്വയം മാറി ഒരു മികച്ച പങ്കാളിയായി മാറുമെന്ന പ്രതീക്ഷയിൽ ബന്ധത്തിൽ തുടരുന്നതിന് പകരം യാഥാർഥ്യം തിരിച്ചറിയണമെന്നും താരം പറഞ്ഞു.
‘ചിലപ്പോൾ നാളെ എല്ലാം ശരിയായി ഒരു നല്ല ജീവിതം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഈ ട്രോമ ബോണ്ടിംഗിൽ അകപ്പെട്ടുപോയ ഇരകൾ, ആളുകളെ തിരുത്താൻ ശ്രമിച്ചും അഡ്ജസ്റ്റ് ചെയ്തും അവരുടെ കൂടെത്തന്നെ തുടരാൻ ശ്രമിക്കുന്നത്.
എന്നാൽ അവിടെ നമ്മൾ മാനസിലാക്കേണ്ട ഒരു കാര്യമുണ്ട്, ആ നാർസിസിസ്റ്റായ വ്യക്തി ഒരിക്കലും കാര്യങ്ങൾ പരിഹരിച്ച് ഒരു ബെറ്റർ പാർട്ണർ ആകുമെന്നോ അല്ലെങ്കിൽ നല്ലൊരു വിവാഹജീവിതത്തിലേക്ക് എത്തുമെന്നോ പ്രതീക്ഷിക്കരുത്. അവിടെ ആകെയുള്ള സാധ്യത, ഈ മനുഷ്യർ പുറത്തുള്ള ആളുകളോട് അഭിനയിക്കുന്നത് പോലെ നമ്മളോടും അഭിനയിക്കുക എന്നതാണ്. എന്നാൽ അതിനും ചില പരിധികളുണ്ടല്ലോ,’ അനുപമ കൂട്ടിച്ചേർത്തു.
അനുപമ പരമേശ്വരൻ. Photo. X.com