| Friday, 7th November 2025, 7:15 am

അങ്ങനെയൊരു അനുഭവമുണ്ടായില്ലെങ്കില്‍ സിനിമ ചെയ്യാന്‍ ധൈര്യം വരില്ലായിരുന്നു; വെല്ലുവിളി ഏറ്റെടുക്കും പോലെ: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമത്തിന് ശേഷം നേരിട്ട ട്രോളുകളും കളിയാക്കലുകളുമെല്ലാം ഇന്നത്തെ ബോള്‍ഡായ തന്നെ രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് നടി അനുപമ പരമേശ്വരന്‍.

പ്രേമം സിനിമക്ക് ശേഷം അങ്ങനെയൊരു അനുഭവമുണ്ടായില്ലെങ്കില്‍ മറ്റൊരു നാട്ടില്‍ പോയി അവിടത്തെ ഭാഷയൊക്കെ പഠിച്ച് സിനിമ ചെയ്യാനുള്ള ധൈര്യം വരില്ലായിരുന്നുവെന്നും നടി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അനുപമ.

‘അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആ സാധ്യതയെക്കുറിച്ച് ഞാന്‍ ചിന്തിക്കുക പോലും ചെയ്യില്ല. കംഫര്‍ട്ടബിളായിരുന്നെങ്കില്‍ മലയാളത്തില്‍ തന്നെ സിനിമകള്‍ ചെയ്ത് പോയേനെ, പക്ഷേ, അന്ന് വേറെ ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല. പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചു.

എന്നാല്‍, മുന്നോട്ടേക്ക് എന്തുചെയ്യണമെന്നറിയില്ല, ശൂന്യതയായിരുന്നു. ആളുകള്‍ക്ക് എന്നോട് ദേഷ്യമാണെന്നാണ് കരുതിയത്. അതുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കും പോലെയാണ് തെലുങ്കില്‍ സിനിമകള്‍ ചെയ്തത്,’അനുപമ പറയുന്നു.

അന്നത്തെ ആ പതിനെട്ടുകാരി ബോള്‍ഡായിരുന്നുവെന്നും നെഗറ്റിവിറ്റികളെയെല്ലാം മറികടന്ന് അവളൊരു കരിയറുണ്ടാക്കിയെന്നും അനുപമ പറഞ്ഞു. വലിയൊരു ഡിപ്രഷനില്‍ നിന്ന് മാസങ്ങള്‍ക്കുള്ളില്‍ താന്‍ പുറത്തുചാടിയെന്നും തന്റെ സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണമെന്നത് തന്റെ വാശിയായിരുന്നുവെന്നും ഇന്നത്തെ തന്നെക്കാളും അന്നത്തെ തന്നെയോര്‍ത്ത് അഭിമാനമുണ്ടെന്നും അനുപമ പറഞ്ഞു.

പെറ്റ് ഡിറ്റക്ടീവാണ് അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ഷറഫുദ്ദീനും അനുപമയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബൈസണിലും അനുപമ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ധ്രുവ് വിക്രം നായകനായെത്തിയ സിനിമക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്

Content highlight: Anupama Parameswaran says that the trolls she faced after Premam helped shape her into the bold person she is today

We use cookies to give you the best possible experience. Learn more