പെറ്റ് ഡിക്ടറ്റീവ്, ബൈസണ്‍ എന്നീ ചിത്രങ്ങള്‍ അപ്രതീക്ഷിതമായാണ് ഒരുമിച്ച് റിലീസായതെന്ന് നടി അനുപമ പരമേശ്വരന്‍. സമാന്തരമായി അഭിനയിച്ച ചിത്രങ്ങളാണ് രണ്ടുമെന്നും ഒരുമിച്ച് റിലീസിനെത്തുമെന്ന് കരുതിയില്ലെന്നും നടി പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അനുപമ.
‘തമാശ നിറഞ്ഞ ചിത്രമാണ് പെറ്റ് ഡിറ്റക്ടീവ്. പത്തുവര്‍ഷം മുമ്പ് പ്രേമത്തില്‍ ഒരുമിച്ച ക്രൂ അംഗങ്ങള്‍ തന്നെയാണ് ഈ സിനിമയ്ക്ക് പിന്നിലും പ്രവര്‍ത്തിച്ചത്. ഷെറഫുക്ക, വിനയ് ഫോര്‍ട്ട്, ക്യാമറാമാന്‍ ആനന്ദ് സി. ചന്ദ്രന്‍, സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍, വിഷ്ണുഗോവിന്ദ് തുടങ്ങിയവര്‍ക്കൊപ്പം ആസ്വദിച്ച് ചെയ്‌തൊരു സിനിമയാണ് പെറ്റ് ഡിറ്റക്ടീവ്. അതേസമയത്ത്, തന്നെയാണ് മാരി സെല്‍വരാജ് സാറിന്റെ ഗൗരവമുള്ള സ്‌പോര്‍ട്സ് സിനിമ ബൈസണിലും അഭിനയിച്ചത്,’ അനുപമ പറയുന്നു.
മുമ്പ് മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും ആ സമയത്ത് തെലുങ്കില്‍ സിനിമകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു താനെന്നും അനുപമ പറഞ്ഞു. അന്ന് ആ അവസരം തനിക്ക് നഷ്ടമായെന്നും പിന്നീട് കുറെനാളുകള്‍ കഴിഞ്ഞ് വീണ്ടും അദ്ദേഹത്തിന്റെ ടീം തന്നെ വിളിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘കബഡി പശ്ചാത്തലമാക്കി മാരി സര്‍ ഒരു സിനിമ ചെയ്യുന്നുണ്ട്, ധ്രുവ് വിക്രം ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് ഞാന്‍. പരിയേറും പെരുമാള്‍, വാഴൈ എല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. മാരി സാറിന്റെ കഥാവതരണവും മേക്കിങ്ങും ഒരുപാടിഷ്ടമാണ്.
അദ്ദേഹത്തിന്റെ സിനിമകളുടെ പോസ്റ്റര്‍ തൊട്ട് റിലീസാകുന്നതുവരെ ഓരോ അപ്‌ഡേറ്റ്‌സും ആവേശത്തോടെ കാത്തിരുന്ന് ശ്രദ്ധിക്കാറുണ്ട്. ബൈസണിന്റെ കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അഥവാ കഥ ഇഷ്ടമായില്ലെങ്കില്‍ക്കൂടി ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചേനേ. കാരണം അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു,’ അനുപമ പരമേശ്വരന്‍ പറഞ്ഞു.
Content highlight: Anupama Parameswaran says that the films Pet Detective and Bison were unexpectedly released together