| Friday, 21st November 2025, 8:26 am

നന്മയുള്ള, റൊമാന്റിക്കായ നായികമാരെ കണ്ടും അഭിനയിച്ചും മടുത്തു; വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യണം: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമ്മുടെ കൈയിലേക്ക് വരുന്ന കഥകളുടെ ഉള്ളടക്കമാണ് പ്രധാനമെന്ന് നടി അനുപമ പരമേശ്വരന്‍. അതനുസരിച്ചാണ് കഥകളുടെ തെഞ്ഞെടുപ്പില്‍ മാറ്റം വരുന്നതെന്നും കരിയറിന്റെ തുടക്കത്തില്‍ ഒരേ പോലെയുള്ള കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തിയിരുന്നതെന്നും നടി പറഞ്ഞു.

പര്‍ദ്ദ, ബൈസണ്‍, പെറ്റ് ഡിക്ടറ്റീവ് അങ്ങനെ അനുപമയുടേതായി നിരവധി ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസിനെത്തിയിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയാണ് അനുപമ.

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ കഴിഞ്ഞതിന് ശേഷമാണ് ശക്തമായ കഥാപാത്രങ്ങള്‍ എന്നെ ഏല്‍പ്പിക്കാന്‍ ഫിലിം മേക്കേഴ്‌സിന് ധൈര്യം വന്നത്. ജെ.എസ്.കെ, പര്‍ദ, കിഷ്‌കിന്ധാപുരി, ടിലു, ഡ്രാഗണ്‍, ബൈസണ്‍, പെറ്റ് ഡിറ്റക്ടീവ് തുടങ്ങി ഇപ്പോള്‍ വ്യത്യസ്തമായ സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം എനിക്ക് കിട്ടുന്നുണ്ട്. നന്മയുള്ള, റൊമാന്റിക്കായിട്ടുള്ള നായികമാരെ കണ്ടും അഭിനയിച്ചും മടുത്തുതുടങ്ങി. ഗൗരവമുള്ള, വെല്ലുവിളി നല്‍കുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം,’ അനുപമ പറയുന്നു.

ഇനി മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന ചിന്തകളൊന്നും ഇല്ലെന്നും തന്നിലേക്ക് വന്ന തിരക്കഥകള്‍ ഓരോന്നും ഒരോ സമയത്ത് സിനിമയായി വന്നുവെന്നേയുള്ളുവെന്നും മലയാളം സിനിമകള്‍ ചെയ്യാന്‍ എന്നും താന്‍ ഒരുക്കമാണെന്നും അനുപമ പറഞ്ഞു.

ചിലപ്പോഴൊക്കെ ഷൂട്ടിങ് ഷെഡ്യൂളിന്റെ പ്രശ്‌നം കൊണ്ട് സിനിമകള്‍ ചെയ്യാതെപോയിട്ടുണ്ടെന്നും പ്രേമത്തിന് ശേഷം വന്ന ട്രോളുകള്‍ കാരണം ഇവിടെ സിനിമകള്‍ ചെയ്യാന്‍ ചെറിയൊരു മടിയുണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച അനുപമ പരമേശ്വരന്‍ പിന്നീട് മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്നു. പിന്നീട് തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു.

Content highlight: Anupama Parameswaran says that the content of the stories that come to our hands is important

We use cookies to give you the best possible experience. Learn more