| Saturday, 8th November 2025, 8:50 am

സിനിമ ബ്ലോക്ക്ബസ്റ്ററായാലും അമിത സന്തോഷമില്ല; ഇതെല്ലാം സിനിമയില്‍ നിന്നും പഠിച്ചതാണ്: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകള്‍ വിജയിച്ചാലും ഇല്ലെങ്കിലും അതിനെപ്പറ്റിയുള്ള തന്റെ ചിന്തകള്‍ നീണ്ടു നില്‍ക്കാറില്ലെന്ന് നടി അനുപമ പരമേശ്വരന്‍. അങ്ങനെയുള്ള ചിന്തകള്‍ വൈകുന്നേരത്തോടെ അവസാനിക്കുമെന്നും നടി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമകളുടെ പരാജയം മാനസിക സമ്മര്‍ദം  കൂട്ടാറുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അനുപമ.

അത്തരം ചിന്തകള്‍ വൈകുന്നേരമാകുമ്പോള്‍ അവസാനിക്കുമെന്നും അതുകഴിഞ്ഞാല്‍ തലയിലെടുക്കാറില്ലെന്നും അവര്‍ പറയുന്നു. സിനിമ ബ്ലോക്ക്ബസ്റ്ററായാലും അമിത സന്തോഷമില്ലെന്നും തനിക്ക് അത് എളു പ്പത്തില്‍ കൈകാര്യം ചെയ്യാനാകുമെന്നും അനുപമ പറഞ്ഞു.

‘തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല. പതിയെ ശീലിച്ചതാണ്. ജീവിതത്തില്‍ ഒന്നും സുസ്ഥിരമല്ലല്ലോ, ഇന്നത്തെ വിജയം നാളെ പരാജയമാകാം. തിരിച്ചുമാകാം. അതുകൊണ്ട് ജീവിതത്തിലെ എല്ലാ നിമിഷവും ഒരുപോലെ ആസ്വദിക്കുക. ഇതെല്ലാം സിനിമയില്‍ നിന്നും പഠിച്ചതാണ്. ജീവിതം  കുറേ മാറി. മനസ് കരുത്താര്‍ജിച്ചു. പണ്ടും മനോബലമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അന്നത്തെ വിഷമങ്ങളെല്ലാം എനിക്ക് സഹിക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ കുറച്ചുകൂടി പക്വത വന്നു. മുന്‍ഗണകള്‍ മാറി.

പണ്ട് നാട്ടുകാര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് നടന്ന കുട്ടിയായിരുന്നു താനെന്നും ഇപ്പോള്‍ തനിക്ക് തന്നെപ്പറ്റി എന്താണ് തോന്നുന്നത് എന്നുമാത്രമേ നോക്കാറുള്ളുവെന്നും നടി പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍മീഡിയയിലെ കമന്റുകള്‍ക്കോ അനുസരിച്ച് ജീവിക്കാറില്ലെന്നും തനിക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

പെറ്റ് ഡിറ്റക്ടീവാണ് അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ധ്രുവ് വിക്രം നായകാനായെത്തിയ ചിത്രത്തില്‍ അനുപമയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

Content highlight: Anupama Parameswaran says that she doesn’t dwell on her movies, whether they are successful or not

We use cookies to give you the best possible experience. Learn more