| Sunday, 16th August 2026, 2:14 pm

നമ്മുടെ പങ്കാളിയിൽ കാണേണ്ട ഏറ്റവും വലിയ ഗ്രീൻ ഫ്ലാഗ് ഉത്തരവാദിത്വബോധം ആണ്: അനുപമ പരമേശ്വരൻ

നന്ദന. ടി

ടോക്‌സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടന്ന ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടിയായ അനുപമ പരമേശ്വരൻ. ഒരുപാട് സമയമെടുത്താണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസങ്ങളാണ് ഇക്കാലയളവിൽ നേരിട്ടതെന്നും അനുപമ പറഞ്ഞു. നാർസിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും താരം വ്യക്തമാക്കുന്നു.

ധന്യ വർമയുമായുള്ള അഭിമുഖത്തിൽ നാർസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയപ്പോൾ തനിക്ക് ജീവിതത്തിൽ ലഭിച്ച തിരിച്ചറിവുകൾ പങ്കുവെക്കുകയാണ് അനുപമ.

അനുപമ പരമേശ്വരൻ. Photo. X.com

ജീവിതപങ്കാളിയായി തെരഞ്ഞെടുക്കുന്ന വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് അനുപമ.

‘നമ്മുടെ പങ്കാളിയിൽ കാണേണ്ട ഏറ്റവും വലിയ ഗ്രീൻ ഫ്ലാഗ് എന്നത് അക്കൗണ്ടബിലിറ്റിയാണ്. ഒരു കാര്യം ശരിയായാലും തെറ്റായാലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ തയ്യാറാകണം. ചെയ്തത് തെറ്റാണെങ്കിൽ മാപ്പ് പറയുകയും ആ സ്വഭാവത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയും വേണം.

ഈഗോ കുറച്ചൊന്ന് മാറ്റിവെച്ചാൽ തെറ്റുകൾക്ക് മാപ്പ് ചോദിക്കാൻ ആർക്കും സാധിക്കും. എന്നാൽ ഒരു മോശം സ്വഭാവത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുപാട് അധ്വാനം ആവശ്യമാണ്,’ അനുപമ പറഞ്ഞു.

നാർസിസിസ്റ്റുകളായ വ്യക്തികൾ ബന്ധങ്ങൾക്ക് യാതൊരുവിധ മൂല്യവും കൽപ്പിക്കാത്തവരാണെന്നും അനുപമ വ്യക്തമാക്കുന്നു.

‘നാർസിസിസ്റ്റുകൾ ഒഴിഞ്ഞ പാത്രം പോലെയാണ്. തങ്ങൾക്ക് ഇങ്ങോട്ട് എന്തൊക്കെ ലഭിക്കും എന്ന് മാത്രമേ അവർ എപ്പോഴും നോക്കുകയുള്ളൂ. വൈകാരികമായ ബന്ധങ്ങളിലൊന്നും അവർക്ക് താൽപര്യമില്ല. ഇനി നിങ്ങൾ അവർ ആരാണെന്ന് മനസിലാക്കിക്കഴിഞ്ഞാൽ, അവർ ആ നിമിഷം നിങ്ങളുടെ അടുത്ത് നിന്നും രക്ഷപ്പെട്ട് അടുത്ത പുതിയ ടാർഗെറ്റിനെ കണ്ടുപിടിക്കും,’ അനുപമ പറഞ്ഞു.

സ്വന്തം വ്യക്തിത്വത്തിൽ ജീവിക്കാനാകാതെ മുഖമൂടി അണിഞ്ഞുനടക്കുന്ന ഇത്തരം ആളുകളോട് ദയയും സഹതാപവുമാണ് തോന്നാറുള്ളതെന്നും അനുപമ കൂട്ടിച്ചേർത്തു.

‘എനിക്ക് ചിലപ്പോൾ ഈ ആളുകളോട് സഹതാപം തോന്നും. കാരണം ഒന്നു ആലോചിച്ചു നോക്കൂ ജീവിതത്തിൽ ഒരു നാർസിസിസ്റ്റ് ആയി മാറിപ്പോയി എന്നത് തന്നെയാണ് അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷ. യഥാർത്ഥ വ്യക്തിത്വത്തിൽ ജീവിക്കാൻ പറ്റാതെ പുറത്തിറങ്ങുമ്പോൾ ഒരു മുഖമൂടിയും ഇട്ടുകൊണ്ട് നടക്കേണ്ടിവരുന്ന അവസ്ഥ ഭീകരമാണ്,’ അനുപമ പറഞ്ഞു.

അനുപമ പരമേശ്വരൻ. Photo. X.com

Content Highlight: Anupama Parameswaran says that accountability is the biggest green flag to find in a partner

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more