| Sunday, 21st December 2025, 12:25 pm

വിമർശനങ്ങളല്ല ബോധപൂർവ്വമുള്ള വിദ്വേഷപ്രചരണങ്ങളായിരുന്നു അവയെല്ലാം: അനുപമ പരമേശ്വരൻ

നന്ദന എം.സി

സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്ഫോമും മനുഷ്യരുടെ സ്വകാര്യതയും മാനസികാരോഗ്യത്തെയും ഗൗരവമായി ബാധിക്കുമെന്ന് നടി അനുപമ പരമേശ്വരൻ.

വ്യക്തികളുടെ ജീവിതം നിരന്തരം വിലയിരുത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വന്തം ഇടം സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും താരം കൂട്ടിച്ചേർത്തു. ഒരു വ്യക്തി വിമർശിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും അനുപമ പറഞ്ഞു.

സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ഡിജിറ്റൽ ഡിറ്റോക്സിങ്ങിനെ കുറിച്ച്‌ ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അനുപമ.

അനുപമ പരമേശ്വരൻ, Photo; Anupama parameswasran /Facebook

‘ഞാൻ അത് മുന്നേ പരീക്ഷിച്ചിട്ടുള്ളതാണ്. ഇടവേളയെടുത്തു, പക്ഷെ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തില്ല. അപ്പോഴും മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. അത് മറികടന്നു. നമ്മുടെ സന്തോഷം ഇല്ലാതാക്കാൻ ആയിരം നല്ല കമന്റുകൾക്കിടയിൽ ഒരു മോശം കമന്റ് മതി. ആ കമന്റ് ഇടുന്ന വ്യക്തിയുടെ ഉദ്ദേശവും അത് തന്നെ. നമ്മൾ അതിന് കീഴടങ്ങുമ്പോൾ അയാളാണ് വിജയിക്കുന്നത്,’ അനുപമ പറഞ്ഞു.

വിമർശനവും വിദ്വേഷവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി വേർതിരക്കണമെന്നും അനുപമ പറയുന്നു.

‘വിമർശിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങളുടെ അഭിനയം മോശമാകുന്നു അഭിനയം, മെച്ചപ്പെടുത്തണം എന്ന് പറയുന്നത് വിമർശനമാണ്. എന്നാൽ ഒന്ന് പോയി ചത്തുകൂടെ എന്ന് പറയുന്നത് വല്ലാതെ വിഷമിപ്പിക്കും ,’ അനുപമ പറഞ്ഞു.

ഒരു കാലത്ത് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ തന്നെ ബാധിച്ചിരുന്നു. ഒരു സെലിബ്രറ്റി ആയിരിക്കുമ്പോൾ സമൂഹത്തിന്റെ പ്രതീക്ഷകൾ ഒഴിവാക്കാനാവില്ലെങ്കിലും, സ്വന്തം സന്തോഷം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും അനുപമ കൂട്ടിച്ചേർത്തു.

മുൻപ് കമന്റുകൾ വായിക്കുന്നത് ഒരു അഡിക്ഷൻ പോലെയായിരുന്നെന്നും ഫോളോവേഴ്സ് കുറയുന്നതും ലൈക്കുകൾ കുറയുന്നതും തന്നെ ബാധിച്ചിരുന്നെന്നും താരം പറഞ്ഞു. എന്നാൽ പിന്നീട് അതൊക്കെ തന്റെ ശ്രദ്ധയിൽ പോലും വരാതെയായി എന്നും അനുപമ കൂട്ടിച്ചേർത്തു.

Content Highlight: Anupama Parameswaran opens up the mental toll of social media

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more