| Thursday, 15th October 2026, 9:10 am

എനിക്ക് ഇഷ്ടമുള്ള പോസ്റ്റിൽ കമന്റിടും, അതിലെന്താണ് പ്രശ്നം? വിമർശനമാകാം പക്ഷേ വ്യക്തിവൈരാഗ്യം കൊണ്ടാകരുത്; അനുപമ പരമേശ്വരൻ

അജ്മല്‍ കെ

ഒരു സിനിമയെക്കുറിച്ച് പ്രേക്ഷകർ ചർച്ച ചെയ്യുന്നതും അതിലെ നല്ലതും മോശവുമായ കാര്യങ്ങൾ തുറന്നുപറയുന്നതും കലയുടെ ഭാഗമാണെന്ന് തുറന്നു പറഞ്ഞ് നടി അനുപമ പരമേശ്വരൻ. ആരോഗ്യകരമായ വിമർശനങ്ങളിലൂടെയാണ് കലാകാരന്മാർക്ക് വളരാൻ കഴിയുന്നതെന്നും എന്നാൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിനോട് യോജിപ്പില്ലെന്നും താരം പറയുന്നു.

സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോടും വിവാദങ്ങളോടുമുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അനുപമ. പെർമിറ്റ് റൂം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

അനുപമ പരമേശ്വരൻ. Photo. Screen Grab/ Youtube

ഒരു സിനിമ കണ്ടശേഷം അത് ഇഷ്ടപ്പെട്ടോ ഇല്ലയോ, ചില കാര്യങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ അവതരിപ്പിച്ചത് എന്നൊക്കെ പ്രേക്ഷകർ ചർച്ച ചെയ്യണം. അത്തരം സംഭാഷണങ്ങൾ ഉണ്ടാകുന്നതാണ് ഒരു കലാസൃഷ്ടിയുടെ ലക്ഷ്യമെന്നും അനുപമ പറയുന്നു. എന്നാൽ എല്ലാ വിമർശനങ്ങളോടും പ്രതികരിക്കാനാവില്ല. വിമർശനത്തിന് പിന്നിലെ ഉദ്ദേശ്യമാണ് പ്രധാനമെന്നും താരം ചൂണ്ടികാട്ടി.

‘വിമർശനങ്ങൾ ഉണ്ടാകണം. അത് ആരോഗ്യകരമായ വിമർശനമായിരിക്കണം. ചിലർ വ്യക്തിവൈരാഗ്യം കൊണ്ടോ പണം വാങ്ങിയുള്ള പ്രചാരണത്തിന്റെ ഭാഗമായോ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയാറുണ്ട്. അത്തരക്കാരോട് പ്രതികരിക്കാൻ എനിക്ക് കഴിയില്ല. എന്നാൽ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ച് ചർച്ച ചെയ്യുന്നവരുണ്ടെങ്കിൽ ഞാൻ അതിൽ പങ്കെടുക്കും. അവരുടെ വിമർശനങ്ങൾ കേൾക്കാനും എനിക്ക് താത്പര്യമാണ്. ഇത്തരം ചർച്ചകളുണ്ടെങ്കിലേ നമുക്ക് വളരാൻ കഴിയൂ. അല്ലെങ്കിൽ നമ്മൾ എവിടെയാണോ അവിടെത്തന്നെ നിന്നുപോകും,’ അനുപമ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നതിന്റെ പേരിൽ തനിക്ക് നേരിടേണ്ടിവന്ന വിമർശനത്തെക്കുറിച്ചും അനുപമ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഒരു മീമിന് താഴെ കമന്റ് ചെയ്തപ്പോൾ, എപ്പോഴും സോഷ്യൽ മീഡിയയിൽ കാണപ്പെടുന്നത് തന്റെ താരമൂല്യം കുറയ്ക്കുമെന്ന തരത്തിൽ ഒരാൾ പ്രതികരിച്ച സംഭവമാണ് താരം പങ്കുവെച്ചത്. മറുപടി നൽകിയില്ലെങ്കിൽ അഹങ്കാരമാണെന്ന് പറയുകയും പ്രതികരിച്ചാൽ ജോലിയൊന്നുമില്ലേയെന്ന് ചോദിക്കുകയും ചെയ്യുന്ന സമീപനത്തോടുള്ള വിയോജിപ്പും അനുപമ വ്യക്തമാക്കി.

‘എനിക്ക് ഇപ്പോൾ ഫ്രീ ടൈമുണ്ട്. ഞാൻ സോഷ്യൽ മീഡിയ നോക്കുന്നു, വീഡിയോകൾ കാണുന്നു, ഇഷ്ടമുള്ള പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നു, കമന്റ് ഇടുന്നു. അതിലെന്താണ് തെറ്റ്? സ്നേഹവും സന്തോഷവും നന്ദിയും പ്രകടിപ്പിക്കാൻ നമ്മൾ എന്തിനാണ് നാണിക്കേണ്ടത്? എനിക്ക് ഇഷ്ടമുള്ള ഒരു പോസ്റ്റിൽ കമന്റ് ഇടാൻ ഞാൻ മറ്റൊരാളുടെ അനുവാദം ചോദിക്കണമെന്നാണോ? എനിക്ക് ജോലിയില്ലെന്ന് പറഞ്ഞാലും അതിലെന്താണ് പ്രശ്നം? ഫ്രീ ടൈമുണ്ടായിട്ടും ഇല്ലെന്ന് നടിക്കണമെന്നാണോ’ അനുപമ പറഞ്ഞു.

അനുപമ പരമേശ്വരൻ. Photo. Screen Grab/ Youtube

സോഷ്യൽ മീഡിയയിൽ ചിലർ മോശമായി പെരുമാറുന്നതുകൊണ്ട് എല്ലാവരെയും ഒരുപോലെ കാണാനാവില്ലെന്നും താരം പറയുന്നു. ഒരാൾ മോശക്കാരനാണെന്നോ ഒരാൾ നുണ പറയുന്നുവെന്നോ കരുതി അയാൾ ഉൾപ്പെടുന്ന എല്ലാവരെയും അങ്ങനെ വിലയിരുത്തരുത്. ലോകത്തെ കറുപ്പും വെളുപ്പുമായി മാത്രം കാണാനാവില്ലെന്നും പല കാര്യങ്ങൾക്കും വ്യത്യസ്ത വശങ്ങളുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.

Content Highlight: Anupama Parameswaran clarifies her stance on criticisms and controversies on social media

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more