മലയാള സിനിമയിലൂടെ കടന്നുവന്ന് ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ യുവനടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് അനുപമ എത്തുന്നത്. ചുരുണ്ട മുടിയും നിഷ്കളങ്കമായ ചിരിയും കൊണ്ട് മേരി എന്ന കഥാപാത്രം പ്രേക്ഷക മനസിൽ വേഗം തന്നെ ഇടം നേടി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമാണ് അനുപമ കൂടുതൽ സജീവമായത്.
ഇപ്പോളിതാ താരം തന്റെ വീടിന് ‘പ്രേമം’ എന്നാണ് പേര് നൽകിയതെന്നും, പ്രേമം സിനിമ കാരണം ഉണ്ടായ വീടായതിനാലാണ് ആ പേര് നൽകിയതെന്നും പറയുകയാണ്. കൂടാതെ നിവിൻ പോളിയെ കുറിച്ചുള്ള താരത്തിന്റെ ഓർമകളും പങ്കുവെച്ചു. അടുത്തിടെ ചെന്നൈയിൽ നടന്ന ജെ.എഫ്.ഡബ്ല്യൂ ബിൻജ് അവാർഡ് ഷോയ്ക്കിടെ താരം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
പ്രേമം, Photo: IMDb
‘നിവിൻ ചേട്ടനിൽ നിന്നും ഈ അവാർഡ് വാങ്ങുന്നത് ഒരു സറിയൽ ആയിട്ട് തോന്നുകയാണ്. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കിട്ടിയത് വളരെ സ്പെഷ്യൽ ആയിട്ടുള്ള കാര്യമാണ്. എന്റെ ആദ്യ സിനിമ പ്രേമം ആയിരുന്നു. ഷൂട്ട് ചെയ്തിട്ട് ഈ വർഷം 11 ഇയർ തികയും. ഞാൻ അഭിനയം കണ്ടുപഠിച്ചത് ഇവരിൽ നിന്നൊക്കെയാണ്.
ഈ പത്ത് വർഷത്തിൽ ഏകദേശം നാല് ഇൻഡസ്ട്രികളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അതിൽ ലാസ്റ്റ് ഇയർ എനിക്ക് വളരെ സ്പെഷ്യൽ ആണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും രണ്ട് സിനിമകൾ വീതം ചെയ്യാൻ കഴിഞ്ഞു.
പ്രേമം സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ വെള്ളത്തിലൂടെ പോകുമ്പോൾ നിവിൻ ചേട്ടൻ ഇടയ്ക്കിടെ എന്നെ ഭീഷണി പെടുത്തുമായിരുന്നു, വെള്ളത്തിലേക്ക് തട്ടിയിടും എന്ന് പറഞ്ഞ്. അങ്ങനെയാണ് എനിക്ക് ഒരു ധൈര്യം വന്നത്.
പ്രേമം, Photo: Book My Show
അതുപോലെതന്നെ പ്രേമം സിനിമ കാരണം ഉണ്ടായ വീടാണ് എന്റേത്. 2017ലാണ് വീട് പണിതത്. അത് കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ‘പ്രേമം’ എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്,’ അനുപമ പറഞ്ഞു.
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മൂന്ന് നായികമാരിൽ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തിൽ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
കൂടാതെ ചിത്രത്തിൽ അനുപമയും നിവിൻ പോളിയും ഒന്നിച്ച ‘ആലുവാപ്പുഴയുടെ തീരത്ത്’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ, പേടി ഡിറ്റക്റ്റീവ് എന്നിവയാണ് അനുപമ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങൾ.
Content Highlight: Anupama Parameswaran about the movie Premam