| Wednesday, 8th October 2025, 1:44 pm

എത്രയോ നടന്മാരുടെ കൂടെ അഭിനയിച്ചു, അയാളെപ്പോലെ ഹാര്‍ഡ്‌വര്‍ക്ക് ചെയ്യുന്ന മറ്റൊരു നടനില്ലെന്ന് ഉറപ്പാണ്: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ കരിയര്‍ ആരംഭിച്ച്, ഇന്ന് സൗത്ത് ഇന്ത്യയൊട്ടാകെ അറിയപ്പെടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് ശ്രദ്ധയോടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്ന അനുപമയുടെ ഏറ്റവും പുതിയ ചിത്രമാണ് ബൈസണ്‍.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ് വിക്രമാണ് നായകന്‍. മാരിയുടെ മുന്‍ ചിത്രങ്ങള്‍ പോലെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് ഇതെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ അടിവരയിടുന്നു. മാരി സെല്‍വരാജിനൊപ്പം പ്രവര്‍ത്തിക്കാനായത് തന്റെ കരിയറില്‍ മുതല്‍ക്കൂട്ടാണെന്ന് അനുപമ പരമേശ്വരന്‍ പറഞ്ഞു.

‘ഈ പടത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്ക് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഞാനും ധ്രുവും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണെന്ന് പലരും പറയുന്നത് കേട്ടു. എല്ലാ ക്രെഡിറ്റും മാരി സാറിനും നിവാസിനുമാണ്. മാരി സാര്‍ പറയുന്നത് അതുപോലെ ചെയ്യുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ജോലി.

ഈ സിനിമയില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നതിനും ഒരുവര്‍ഷം മുമ്പ് ധ്രുവ് ഈ പടത്തിന് വേണ്ടി വര്‍ക്കുകള്‍ തുടങ്ങിയിരുന്നു. ഫിസിക്കലി ഒരുപാട് കഷ്ടപ്പാടുകള്‍ അദ്ദേഹം സഹിച്ചു. കബഡി പഠിച്ചു, ബോഡി ബില്‍ഡിങ് നടത്തി അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ധ്രുവ് ചെയ്തിട്ടുണ്ട്. കബഡി എന്ന് പറയുന്നത് ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു സ്‌പോര്‍ട്‌സ് ഐറ്റമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന് വേണ്ടി നല്ല കഷ്ടപ്പാട് ധ്രുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

സിനിമക്ക് വേണ്ടി മാത്രമല്ല, റിയല്‍ ലൈഫിലും നല്ല രീതിയില്‍ കബഡി കളിക്കാന്‍ ധ്രുവ് പരിശീലിച്ചിട്ടുണ്ട്. അത്രയും എഫര്‍ട്ടും ഹാര്‍ഡ്‌വര്‍ക്കും അയാള്‍ ചെയ്തിട്ടുണ്ട്. കരിയറില്‍ ഒരുപാട് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ധ്രുവിനെപ്പോലെ ഹാര്‍ഡ് വര്‍ക്കിങ്ങും ഡിറ്റര്‍മിനേഷനുമുള്ള ഒരു നടനെ വേറെ കണ്ടിട്ടില്ല. അയാളെപ്പോലെ ഒരു നടന്‍ വേറെയില്ലെന്ന് ഉറപ്പാണ്,’ അനുപമ പരമേശ്വരന്‍ പറയുന്നു.

വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൈസണ്‍. മധുരൈയിലെ ഗ്രാമത്തിലെ കബഡി കളിക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്‌നാടിന്റെ കബഡി താരം മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാരി ബൈസണ്‍ ഒരുക്കിയത്. രജിഷ വിജയനാണ് ചിത്രത്തിലെ മറ്റൊരു നായിക. ഒക്ടോബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Anupama Parameswaran about Dhruv Vikram and Bison Movie

We use cookies to give you the best possible experience. Learn more