| Sunday, 16th November 2025, 10:56 am

നല്ല കമന്റുകള്‍ക്കിടയില്‍ ഒരൊറ്റ മോശം കമന്റ് മതി സന്തോഷം കളയാന്‍; ഫോളോവേഴ്‌സ് കുറയുന്നത് പോലും അന്നെന്നെ ബാധിച്ചു: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ ഒരു സമയത്ത് തനിക്ക് മാനസിക സമ്മര്‍ദം ഉണ്ടാക്കിയിട്ടുണ്ടെന്ന് നടി അനുപമ പരമേശവന്‍. ഡിജിറ്റല്‍ ഡിറ്റോക്‌സിങ് താന്‍ മുന്നേ പരീക്ഷിച്ചിട്ടുള്ളതാണെന്നും എന്നാല്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തില്ലെന്നും നടി പറഞ്ഞു. പലപ്പോഴും മാനസിക പ്രയാസങ്ങളുണ്ടായിരുന്നുവെന്നും പക്ഷേ, അതെല്ലാം മറികടന്നുവെന്നും അനുപമ പറഞ്ഞു.

‘ആയിരം നല്ല കമന്റുകള്‍ക്കിടയില്‍ ഒരൊറ്റ മോശം കമന്റ് മതി നമ്മുടെ സന്തോഷം കളയാന്‍ ആ കമന്റിടുന്നയാളുടെ ഉദ്ദേശ്യവും അത് തന്നെയാണ്. നമ്മള്‍ അതിന് കീഴടങ്ങുമ്പോള്‍ അയാളാണ് വിജയിക്കുന്നത്. വിമര്‍ശിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങളുടെ അഭിനയം മോശമാകുന്നു. മെച്ചപ്പെടുത്തണം എന്ന് പറയുന്നത് വിമര്‍ശനമാണ്. എന്നാല്‍ ഒന്ന് പോയി ചത്തുകൂടെ എന്നൊക്കെ ചോദിക്കുന്നത് നമ്മളെ വല്ലാതെ വിഷമിപ്പിക്കും,’ അനുപമ പറയുന്നു.

മുമ്പ് കമന്റുകള്‍ വായിക്കുന്നത് അഡിക്ഷന്‍ പോലെയായിരുന്നുവെന്നും ലൈക്കുകള്‍ കുറയുന്നത്, ഫോളോവേഴ്സ് കുറയുന്നത് ഇതെല്ലാം തന്നെ ബാധിച്ചിരുന്നുവെന്നും അനുപമ പറഞ്ഞു. പിന്നീട് അതൊക്കെ തന്റെ ശ്രദ്ധയില്‍പ്പോലും വരാതെയായെന്നും ആ ആയിരം നല്ല കമന്റുകളെ മാത്രം താന്‍ കേട്ടുവെന്നും അവര്‍ പറഞ്ഞു.

‘ഇതൊന്നും അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. ഒരു സെലിബ്രിറ്റിയായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ആളുകളെ നമുക്ക് തിരുത്താനാവില്ല. എന്ന് കരുതി നമ്മുടെ സന്തോഷങ്ങള്‍ ഇല്ലാതാക്കാനും പറ്റില്ലല്ലോ. ഇന്ന് ഫോണില്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും,’ അനുപമ പറയുന്നു.

പെറ്റ് ഡിറ്റക്ടീവാണ് അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ഷറഫുദ്ദീനും അനുപമയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബൈസണിലും അനുപമ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ധ്രുവ് വിക്രം നായകനായെത്തിയ സിനിമക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.

Content highlight:  Anupama Parameshwarn says that social media caused her mental stress at one point

We use cookies to give you the best possible experience. Learn more