| Thursday, 23rd July 2026, 10:41 pm

വയസ്സായാൽ ചെക്കനെ കിട്ടില്ല എന്ന് പെൺകുട്ടികളോട് പറയരുത്, പ്രായമാകുമ്പോൾ ബുദ്ധി കൂടും, പെട്ടെന്ന് ആരെയും ഇഷ്ടപ്പെടില്ല: അനുമോൾ

നന്ദന. ടി

ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, റോക്ക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച നടിയാണ് അനുമോൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിനപ്പുറമുള്ള ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുമോൾ.

‘ജീവിതത്തിൽ സമാധാനം കിട്ടാൻ വേണ്ടി ഒരുപാട് കാര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്. ഞാൻ ചിലപ്പോൾ അമ്മയുടെ അടുത്ത് പറയാറുണ്ട് നമ്മളെ ചെറുപ്പത്തിൽ എന്തൊക്കെ പറഞ്ഞാണ് പഠിപ്പിച്ചിട്ടുള്ളത്, യൂണിവേഴ്സൽ ആയിട്ടുള്ള കാര്യങ്ങൾ ആണ് ഉദാഹരണത്തിന് നമുക്ക് സ്ലീവ്‌ലെസ്സ് ഇടണമെങ്കിൽ, കല്യാണം കഴിഞ്ഞ് ഭർത്താവ് ആയിട്ട് ഇട്ടോ, പഠിക്കണമെങ്കിൽ കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന് ഒക്കെയാണെങ്കിൽ പഠിച്ചോ എന്നൊക്കെ കേട്ടാണ് നമ്മൾ വളരുന്നത്.

അനുമോൾ.photo.screen grab/Youtube

അങ്ങനെ ജീവിതത്തിലുള്ള ഒരുപാട് കാര്യങ്ങൾ ബ്രേക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ആദ്യമായി വണ്ടി ഓടിക്കുന്ന പെൺകുട്ടി എന്ന രീതിയിലൊക്കെ എന്റെ നാട്ടിൽ കുറേ കാര്യങ്ങൾ ആദ്യമായി ചെയ്തത് ഞാനായിരിക്കും. പ്രത്യേകിച്ച് ഒരു നാട്ടിൻപുറത്ത് ജനിച്ച് വളർന്ന ഒരാൾ എന്ന രീതിയിൽ പറയുകയാണെങ്കിൽ, അവിടെ ആളുകളുടെ ലോകം വളരെ ചെറുതാണ്.

ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് അച്ഛനില്ലാതെ വളർന്ന ഒരു കുട്ടി എന്ന രീതിയിൽ അമ്മയ്ക്കൊക്കെ ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാം പുറമേ പല രീതിയിലുള്ള കണ്ടീഷനിംങ് അനുഭവിച്ചു. പെൺകുട്ടികളായാൽ ഇങ്ങനെ ചെയ്യണം, അച്ഛനില്ലാത്ത കുട്ടിയായാൽ ഇങ്ങനെ വേണം, അച്ഛനില്ലാത്തത് വളർന്നത് വലിയൊരു കുറവായിട്ടാണ് എനിക്കൊക്കെ തോന്നിയിട്ടുള്ളത്.

ഞാൻ എപ്പോഴും അമ്മയോട് പറയും, ഇനി ഒരു കുട്ടിയോടും വയസ്സായാൽ ചെക്കനെ കിട്ടില്ല എന്ന് പറയരുത്. വയസ്സാകുമ്പോൾ നമുക്ക് ബുദ്ധിയും ബോധവും വരും, അപ്പോൾ നമുക്ക് ആരെയും പെട്ടെന്ന് ഇഷ്ടപ്പെടില്ല എന്ന് പറഞ്ഞു കൊടുക്കണം എന്ന്. കാരണം വയസ്സാകുമ്പോൾ ഒരാളെ തിരഞ്ഞെടുക്കുന്നതിൽ നമുക്കൊരു ഫിൽറ്ററിങ് വരും. അപ്പോൾ നമ്മളുമായി ഒത്തുപോകുന്ന ആളുകളുടെ എണ്ണം കുറയും എന്നതാണ് യാഥാർത്ഥ്യം.

പക്ഷെ അമ്മയൊക്കെ ഇപ്പോൾ ഒരുപാട് മാറി. ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ബുദ്ധിമുട്ടുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെ എന്റെ ചെറുപ്പത്തിൽ അമ്മ പറഞ്ഞു പഠിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ കൊവിഡിനൊക്കെ ശേഷം അതെ അമ്മ പെൺകുട്ടികളോട് പറയുന്നത് കേട്ടിട്ടുണ്ട്, അങ്ങനെ സഹിച്ചൊന്നും നിൽക്കേണ്ട കാര്യമില്ല, നിനക്ക് ഒരു ജോലിയിലെ, എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോ, അവിടെ നിൽക്കേണ്ട ഇങ്ങോട്ട് പോര് എന്നൊക്കെ. വീട്ടിൽ അത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ഞാനും അനിയത്തിയും ചില്ലറ അങ്കമൊന്നുമല്ല വീട്ടിൽ നടത്തിയിട്ടുള്ളത്,’ അനുമോൾ പറഞ്ഞു.

അനുമോൾ.photo.screen grab/Youtube

Content Highlight: Anumol opens up about challenging patriarchal conditioning and changing mindsets at home.

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more